ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കീ ബാത്തിലായിരുന്നു തമിഴ് പഠിക്കാത്തത് വലിയ വിഷമമാണെന്ന് നരേന്ദ്ര മോദി പറഞ്ഞത്.
” ചില സാഹചര്യങ്ങളില്‍ വളരെ ചെറിയ ചോദ്യങ്ങള്‍ നിങ്ങളെ വിഷമത്തിലാക്കും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും നേടാന്‍ സാധിക്കാതെ പോയതില്‍ ദുഃഖമുണ്ടോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് സ്വയം തോന്നി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാന്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന്,” നരേന്ദ്ര മോദി പറഞ്ഞു.
”ഞാന്‍ തമിഴ് പഠിച്ചിട്ടില്ല. അത് അത്രമേല്‍ മനോഹരമായ ഭാഷയാണ്. ലോകം മൊത്തം തമിഴ് ഭാഷ പ്രശസ്തവുമാണ്,” മോദി കൂട്ടിച്ചേര്‍ത്തു.
ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തില്‍ ഇന്ന് പ്രധാനമായും സംസാരിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെക്കുറിച്ചും മോദി മന്‍ കീ ബാത്തില്‍ സംസാരിച്ചു. രാജ്യത്തെ ജലാശയങ്ങള്‍ വൃത്തിയാക്കാന്‍ 100 ദിവസത്തെ ക്യാമ്പയിന്‍ നടത്തണമെന്നും മോദി പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമായ പ്രചരണമാണ് ബി.ജെ.പി നടത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട്ടില്‍ എത്തിയിരുന്നു.
വ്യാഴാഴ്ച പുതുച്ചേരിയും പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രി പുതുച്ചേരിയില്‍ എത്തിയത്.
കോണ്‍ഗ്രസില്‍ നിന്നുള്ള എം.എല്‍.എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പുതുച്ചേരി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. ഒരു മാസത്തിനിടെ ഡി.എം.കെയുടെ ഒരു എം.എല്‍.എയും കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാരുമാണ് പുതുച്ചേരിയില്‍ രാജിവെച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: ‘Regret not learning Tamil’ over the years, says PM Modi on Mann Ki Baat