| Tuesday, 7th May 2019, 11:28 am

മീറ്റിങ്ങിനിടെ ഉദ്യോഗസ്ഥന്റെ മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ച് നിലത്തെറിഞ്ഞ് പൊട്ടിച്ച് ഗോവ ഉപമുഖ്യമന്ത്രി; വീഡിയോ പുറത്തായപ്പോള്‍ ഖേദപ്രകടനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഔദ്യോഗിക യോഗത്തിനിടെ ഉദ്യോഗസ്ഥന്റെ കയ്യില്‍ ഇരുന്ന ഫോണ്‍ ശബ്ദിച്ചതില്‍ കുപിതനായി ഗോവ ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായി.

മീറ്റിങ് നടക്കുന്നതിനിടെ മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും മൊബൈല്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു ഇദ്ദേഹം.

പരിഭ്രമിച്ചുപോയ ഉദ്യോഗസ്ഥന്‍ താഴെ വീണ് ചിതറിത്തെറിച്ച ഫോണ്‍ പെറുക്കിയെടുക്കുകയും ചെയ്തു. ” ഞാന്‍ വലിച്ചെറിയും എന്ന് ആക്രോശിച്ചശേഷമായിരുന്നു ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് മന്ത്രി നിലത്തെറിഞ്ഞത്. നിങ്ങള്‍ ഒരു ജോലിയും ചെയ്യുന്നില്ല. നിങ്ങളെ കൊണ്ട് ഒരു ഉപകാരവുമില്ല. നിങ്ങളുടെ ചെയര്‍പേഴ്‌സണെ കൊണ്ടും ഉപകാരമില്ല”- എന്നും ഇതിനിടെ മന്ത്രി പറയുന്നുണ്ടായിരുന്നു.

എന്നാല്‍ സംഭവത്തിന്റെ വീഡിയോ ഉള്‍പ്പടെ പുറത്തായതോടെ വിഷയത്തില്‍ ഖേദപ്രകടനവുമായി എത്തിയിരിക്കുകയാണ് വിജയ് സര്‍ദേശായി.

വളരെ പ്രധാനപ്പെട്ട ഒരു യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നെന്നും ആ സമയത്താണ് മര്‍ഗാവോ മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫീസറുടെ ഫോണിലേക്ക് കോള്‍ വന്നതെന്നും ദേഷ്യം നിയന്ത്രിക്കാനായില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

” വളരെ പ്രധാനപ്പെട്ട കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നഗരസഭയുടേയും അഡ്മിനിസ്‌ട്രേഷന്റേയും വീഴ്ചകളായിരുന്നു ചര്‍ച്ചയായത്. എന്റെ മണ്ഡലത്തില്‍ സംഭവിച്ച പാളിച്ചകളും ചര്‍ച്ചയില്‍ കടന്നുവന്നിരുന്നു. അത്രയും കാര്യമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ആകെ അസ്വസ്ഥനായി. ദേഷ്യവും വന്നു. അങ്ങനെ സംഭവിച്ചുപോയതാണ്. അതില്‍ അപ്പോള്‍ തന്നെ അദ്ദേഹത്തോട് ഖേദം പ്രകടിപ്പിച്ചിച്ചിട്ടുണ്ട്. ”- സര്‍ദേശായി പറഞ്ഞു.

We use cookies to give you the best possible experience. Learn more