| Saturday, 17th November 2018, 7:48 am

ജി.സുധാകരന്റെ ഭാര്യയുടെ നിയമനം; വിവാദത്തിലായ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജയചന്ദ്രന്‍ രാജിവെച്ചു. മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയുടെ നിയമനത്തെചൊല്ലിയുള്ള വിവാദങ്ങളെതുടര്‍ന്നാണ് രാജി. ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചെന്ന് സിന്‍ഡിക്കേറ്റ് മിനുറ്റ്‌സില്‍ ജയചന്ദ്രന്‍ തെറ്റായി രേഖപ്പെടുത്തിയതായി തെളിഞ്ഞിരുന്നു.

വിവാദങ്ങളെ തുടര്‍ന്ന് മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വ്വകലാശാലയിലെ പദവി രാജിവെച്ചിരുന്നു. സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലി രാജിവെച്ചത്.

ALSO READ: കെ.പി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍, വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

തന്നെയും ജി.സുധാകരനേയും മന:പൂര്‍വ്വം ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന് ജൂബിലി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്നെ കരുവാക്കിക്കൊണ്ട് അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ല, കളങ്കം ഉള്ളവരുടെ പിന്നാലെ ആണ് മാധ്യമങ്ങള്‍ നീങ്ങേണ്ടത്, സത്യസന്ധരുടെ പിന്നാലെ അല്ല എന്നും ജൂബിലി മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വന്തം ഭര്‍ത്താവിനോട് പോലും പറഞ്ഞിട്ടല്ല സര്‍വ്വകലാശാലയിലെ അഭിമുഖത്തിനെത്തിയത്. അമ്പത്തിരണ്ട് വര്‍ഷമായി സജീവമായി രാഷ്ട്രീയത്തിലുള്ള ജി.സുധാകരനെക്കുറിച്ച് ഇതുവരെ അഴിമതി ആരോപണം ഉണ്ടായിട്ടുണ്ടോ? മനസാ വാചാ അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും രാജി സ്വന്തം താത്പര്യപ്രകാരം മാത്രമാണെന്നും ജൂബിലി പറഞ്ഞിരുന്നു.

ജൂബിലി നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്റെ മേധാവിയായി നിയമിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം അന്ന് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more