പഴ്സ് മോഷ്ടിച്ച റീജ്യണല്‍ ഡയറക്ടറെ എയര്‍ ഇന്ത്യ പുറത്താക്കി
national news
പഴ്സ് മോഷ്ടിച്ച റീജ്യണല്‍ ഡയറക്ടറെ എയര്‍ ഇന്ത്യ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 9:50 pm

ന്യൂദല്‍ഹി: ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പഴ്സ് മോഷ്ടിച്ച റീജ്യണല്‍ ഡയറക്ടറെ എയര്‍ ഇന്ത്യ പുറത്താക്കി. രോഹിത് ബാസിനെയാണ് എയര്‍ ഇന്ത്യ പുറത്താക്കിയത്.

സിഡ്‌നി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് ജൂണ്‍ 22നാണ് എയര്‍ ഇന്ത്യ പൈലറ്റ് കൂടിയായ രോഹിത് പഴ്സ് മോഷ്ടിച്ചത്. മോഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം സസ്പെന്‍ഷനിലായിരുന്നു.

എയര്‍ ഇന്ത്യ ഇദ്ദേഹത്തോട് നിര്‍ബന്ധിത രാജി ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് 31 രോഹിത് ബാസിനിന്റെ എയര്‍ ഇന്ത്യയിലെ അവസാന പ്രവ്യത്തി ദിവസമാണെന്ന് അധികൃതര്‍ അറിയിച്ചു.

സാങ്കേതിക നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചൊവ്വാഴ്ച രാജിക്കത്ത് സ്വീകരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംഭവം നടന്നതിന് ശേഷം എയര്‍ ഇന്ത്യയുടെ ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്നും രോഹിത് ബാസിനെ വിലക്കിയിരുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ രോഹിത് ബാസിനെതിരെ എയര്‍ ഇന്ത്യ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോപണ വിധേയനായ രോഹിതിനെ സസ്പെന്‍ഷനില്‍ നിര്‍ത്താനും എയര്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.