തിരുവനന്തപുരം: ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരളാ സഭാ മേഖലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സംഘാടക സമിതി. സഭ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായെന്ന് സംഘാടക സമിതി പ്രധിനിതികള്‍ അറിയിച്ചു.
നോര്‍ക്കാ റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന ‘അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും’ എന്ന വിഷയം സഭ ചര്‍ച്ച ചെയ്യും. പ്രതിനിധികള്‍ ഈ വിഷയത്തില്‍ സംസാരിക്കുകയും അവരുടെ കാഴ്ചപ്പാടും നിര്‍ദേശങ്ങളും വിശദീകരിക്കുകയും ചെയ്യും.
സാമ്പത്തിക ശാസ്ത്രജ്ഞനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ . കെ.എം. എബ്രഹാം ‘നവ കേരളം എങ്ങോട്ട്-അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കും. ‘മലയാള ഭാഷ-സംസ്‌കാരം-പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കുന്നത് ലോക കേരള സഭാ സെക്രട്ടറിയും കേരളാ ചീഫ് സെക്രട്ടറിയുമായ വി.പി. ജോയിയാണ്.