| Friday, 3rd May 2024, 3:09 pm

ആ സിനിമയില്‍ ജഗതിയെ കിട്ടിയത് എന്റെ സുകൃതമാണ്, പ്രതിഭയാണ് അയാള്‍ : രഘുനാഥ് പലേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് രാജസേനന്‍ സംവിധാനം ചെയ്ത മേലേപ്പറമ്പില്‍ ആണ്‍വീട്. ഗിരീഷ് പുത്തഞ്ചേരിയുടെ കഥയെ തിരക്കഥാരൂപത്തിലാക്കിയത് രഘുനാഥ് പലേരിയാണ്. തന്റെ പുതിയ ചിത്രമായ ഒരു കട്ടില്‍ ഒരു മുറി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓര്‍മകള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് രഘുനാഥ് പലേരി മേലേപ്പറമ്പില്‍ ആണ്‍വീടിനെക്കുറിച്ചുള്ള ഒര്‍മകള്‍ പങ്കുവെച്ചു.

സ്‌ക്രിപ്റ്റില്‍ താന്‍ എഴുതിവെച്ച കോമഡികള്‍ എഴുതിയതിനെക്കാള്‍ മികച്ചതാക്കാന്‍ ജഗതിക്ക് കഴിഞ്ഞുവെന്നും ഒരു സീന്‍ എടുക്കുമ്പോള്‍ അതില്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്ന് ജഗതിക്ക് മാത്രമേ അറിയുള്ളൂവെന്നും രഘുനാഥ് പലേരി പറഞ്ഞു. എല്ലാവരും ഒന്നിച്ചു വരുന്ന സീനില്‍ ജഗതി ഒരോ റിയാക്ഷന്‍ കൈയില്‍ നിന്ന് ഇടുന്നത് കണ്ട് അത്ഭുതപ്പെട്ടുവെന്നും, അത്തരത്തിലൊരു നടനെ കിട്ടിയത് ഭാഗ്യമാണെന്നും രഘുനാഥ് പറഞ്ഞു.

‘മേലേപ്പറമ്പില്‍ ആണ്‍വീടില്‍ ഞാന്‍ ഒരുപാട് കോമഡി സീനുകള്‍ എഴുതിവെച്ചിട്ടുണ്ട്. അത് പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കേണ്ടത് ആര്‍ട്ടിസ്റ്റിന്റെ കടമയാണ്. ജഗതിയുടെ കാര്യത്തില്‍ നമുക്ക് അധികം ചിന്തിക്കേണ്ട ആവശ്യമില്ല. ഒരു സീനിന്റെ ഫൈനല്‍ ടേക്ക് എടുക്കുമ്പോള്‍ അയാള്‍ അത് എങ്ങനെ പെര്‍ഫോം ചെയ്യുമെന്ന് അയാള്‍ക്ക് മാത്രമേ അറിയുള്ളൂ.

എല്ലാവരും ഒന്നിച്ചുള്ള ഫ്രെയിമില്‍ അയാള്‍ ബിഹേവ് ചെയ്യുന്നത് കാണുമ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ ജഗതിയിലേക്കായിരിക്കും ആദ്യം പോവുക. അയാളുടെ റിയാക്ഷന്‍ മുഴുവന്‍ അത്തരത്തിലുള്ളതായിരിക്കും. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയില്‍ ജഗതിയെ കിട്ടിയത് എന്റെ സുകൃതമാണെന്നാണ് ഞാന്‍ കരുതുന്നത്. പ്രതിഭ എന്നൊക്കെ കണ്ണുംപൂട്ടി വിളിക്കാന്‍ കഴിയുന്ന നടനാണ് അയാള്‍,’ രഘുനാഥ് പലേരി പറഞ്ഞു.

Content Highlight: Reghunath Paleri about the performance of Jagathy in Melepparambil Aanveedu

We use cookies to give you the best possible experience. Learn more