ലൈംഗിക പീഡനത്തിന് ഇരയായവരെ ക്രൂശിക്കുന്ന രീതി കഴിഞ്ഞ കുറച്ച് നാളുകളായി നമ്മള്‍ കണ്ടുവരികയാണ്. ദല്‍ഹിയില്‍ ജ്യോതിസിങ്ങ് പീഡിപ്പിക്കപ്പെട്ടപ്പോഴും സമാനമായ മറ്റ് നിരവധി സംഭവങ്ങളുണ്ടായപ്പോഴും ഒരുപക്ഷെ അവര്‍ക്ക് വേണ്ടി വേവലാതിപ്പെട്ടവരുടെ അത്രത്തോളം ആളുകള്‍ ആ പെണ്‍കുട്ടികളെ കുറ്റപ്പെടുത്തുന്നതും നമ്മള്‍ കണ്ടു.
പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങുന്നതും, അവര്‍ ധരിക്കുന്ന വസ്ത്രങ്ങളും അവരുടെ ശരീര പ്രകൃതിയും അവരുടെ ജീവിത രീതിയും കാഴ്ച്ചപ്പാടുകളും എല്ലാം സമൂഹത്തിന്റെ ക്രൂരമായ വിമര്‍ശന വിനോദത്തിന് ഇരയായി.
ഇത് കേവലം ഇന്ത്യയില്‍ മാത്രമുള്ള കാഴ്ച്ചപ്പാടല്ലെന്ന് വ്യക്തമാക്കുന്നതാണ് ഒരു ആസ്‌ത്രേലിയന്‍ ഫോട്ടോഗ്രാഫറുടെ ചിത്ര പരമ്പര. ലൈംഗിക പീഡനത്തിന്റെ ഇരകള്‍ പഴി ചാരപ്പെടേണ്ടവരല്ലെന്ന സന്ദേശവുമായാണ് കോഫ്‌സ് ഹാര്‍ബറിലെ റോറി ബാന്‍വെല്‍ എന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുടെ ഈ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. 2014ല്‍ ഒരു പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്നുവെന്ന് റോറിയും ഭര്‍ത്താവ് അലക്‌സും തിരിച്ചറിഞ്ഞ സമയത്താണ് ഈ പദ്ധതി അവരുടെ മനസ്സിലേക്കെത്തുന്നത്.
“ഒരു തോക്ക് വാങ്ങി വെക്കേണ്ട സമയമാണിതെന്ന് ആരോ അലക്‌സിനോട് പറയുകയുണ്ടായി. പെണ്‍കുട്ടിയെ ഞങ്ങള്‍ എല്ലായിപ്പോഴും സംരക്ഷിക്കേണ്ടിവരുമെന്ന ആളുകളുടെ പ്രതികരണത്തില്‍ ഞങ്ങള്‍ ഏറെ ദുഃഖിതരായി.” റോറി പറഞ്ഞു. കുറ്റം ചെയ്യുന്ന ആളുകളെ ലക്ഷ്യമിടുന്നതിന് പകരം തങ്ങളുടെ പെണ്‍മക്കള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന ജനങ്ങളുടെ ധാരണ ശരിക്കും ഞെട്ടിക്കുന്നതായിരുന്നുവെന്ന് റോറി പറയുന്നു.
പെണ്‍കുട്ടികളുടെ ശരീരം എന്തിനുമുള്ള അനുവാദമല്ലെന്നും എന്തും ചെയ്യാനുള്ള സമ്മതമല്ലെന്നും ലൈംഗികതയ്ക്ക് വേണ്ടിയുള്ള ക്ഷണമല്ലെന്നും തുറന്നടിക്കുകയാണ് റോറിയുടെ ചിത്രങ്ങള്‍.
റോറിയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് ഈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സ്തനങ്ങള്‍ ടാപ്പൊട്ടിച്ച് മറയ്ക്കുകയും പീഡന വിരുദ്ധ സന്ദേശങ്ങള്‍ ശരീരത്തില്‍ എഴുതുകയും ചെയ്ത അര്‍ധ നഗ്നരായ സ്ത്രീകളുടെ ചിത്രങ്ങളാണിതില്‍. 2014ല്‍ ഗര്‍ഭകാലത്തെടുത്ത തന്റെ ചിത്രവും റോറി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.