| Sunday, 26th February 2023, 10:28 am

പരീക്ഷക്ക് അധിക സമയം അനുവദിച്ചില്ല; സ്‌കൂള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: പരീക്ഷയ്ക്ക് അധിക സമയം അനുവദിച്ചില്ലെന്നാരോപിച്ച് സ്‌കൂള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ത്ഥികള്‍. മണിപ്പൂരിലെ തൗബല്‍ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവമെന്ന് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

എ.സി.എം.ഇ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്‌കൂളിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

ശനിയാഴ്ച പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മണിപ്പൂരി പേപ്പറിന്റെ പരീക്ഷ നടന്നിരുന്നു. പരീക്ഷ അവസാനിക്കാന്‍ അഞ്ചുമിനിറ്റ് മാത്രം ബാക്കി നില്‍ക്കെ കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപകന്‍ നിരസിക്കുകയായിരുന്നു. പരീക്ഷ അവസാനിപ്പിക്കാനുള്ള ബെല്‍ മുഴങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരാകുകയായിരുന്നു.

‘ബെല്ല് അടിച്ചതോടെ വിദ്യാര്‍ത്ഥികള്‍ ക്ഷുഭിതരായി. കൂടുതല്‍ സമയം വേണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. സമയം അനുവദിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് നേരെ കല്ലെറിയാന്‍ തുടങ്ങി. കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ നശിപ്പിച്ചു,’ സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

സംഘര്‍ഷത്തിനിടെ 15ഓളം വിദ്യാര്‍ത്ഥികളും അധ്യാപികയും കുഴഞ്ഞുവീണു. ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

405 വിദ്യാര്‍ത്ഥികളായിരുന്നു പരീക്ഷക്കെത്തിയത്. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ കണ്ടാലറിയാവുന്ന എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlight: Refused to give extra time in exam, students vandalised school in Manipur

Latest Stories

We use cookies to give you the best possible experience. Learn more