| Tuesday, 17th July 2018, 11:35 am

ട്രാഫിക് നിയന്ത്രണത്തിനായി മോദിയുടെ റാലിയ്‌ക്കെത്തിയ ബസ് തടഞ്ഞു; ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസുകാരെ തല്ലിച്ചതച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കുന്ന വേദിവരെ ബസില്‍ പോകാന്‍ അനുമതി നിഷേധിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസുകാരെ തല്ലിച്ചതച്ചു. 12 ഓളം പൊലീസുകാരെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ തിങ്കളാഴ്ചയായിരുന്നുസംവം. ബസ് തടഞ്ഞുനിര്‍ത്തിയ പൊലീസുകാര്‍ ശേഷിക്കുന്ന ദൂരം കാല്‍നടയായി മുന്നോട്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ കമ്പും ചെരുപ്പുകളും ഉപയോഗിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു.


Also Read:ഭരണകര്‍ത്താക്കള്‍ക്കെതിരെ യു.എ.ഇ രാജകുമാരന്റെ പരസ്യ വിമര്‍ശനം: രാജ്യം വിട്ട് ഖത്തറില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍


ഓഫീസര്‍മാരിലൊരാളെ മുടി പിടിച്ചുവലിച്ചു നിലത്തിട്ട് അടിച്ചു. പരുക്കേറ്റ ഏഴ് പൊലീസുകാരെ ഖരാഗ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പൊലീസിന്റെ ട്രാഫിക് നിയന്ത്രണം പരാജയപ്പെട്ടതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് പശ്ചിമബംഗാള്‍ ബി.ജെ.പി ചീഫ് ദിലീപ് ഘോഷ് പറഞ്ഞത്. ” പൊലീസിന് ട്രാഫിക് നിയന്ത്രണം സാധ്യമാകാതെ വന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അവര്‍ നന്നായി പെരുമാറിയില്ല. പക്ഷെ ഇത് സംഭവിക്കരുതായിരുന്നു.” എന്നു പറഞ്ഞ് അദ്ദേഹം അക്രമത്തെ ന്യായീകരിക്കുകയും ചെയ്തു.

ജനങ്ങള്‍ക്ക് സമാധാനപരമായി റാലിയില്‍ പങ്കെടുക്കാനുള്ള സാഹചര്യം പൊലീസ് സൃഷ്ടിച്ചില്ലെന്നും ഘോഷ് കുറ്റപ്പെടുത്തി. “അക്രമം സൃഷ്ടിക്കുകയെന്നത് ഇവരുടെ ലക്ഷ്യമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അവിടെ പൊലീസിനെതിരെ ഇതിലും വലിയ അക്രമം നടക്കുമായിരുന്നു”എന്നും ഘോഷ് ന്യായീകരിച്ചു.


Also Read:നോട്ടു നിരോധനകാലത്തെ അധികജോലിയുടെ വേതനം തിരികെ നല്‍കണമെന്ന് നിര്‍ദേശം: എസ്.ബി.ഐ നീക്കത്തിനെതിരെ ഉദ്യോഗസ്ഥര്‍


സമാധാന അന്തരീക്ഷം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനുമാണ് മോദി വന്നിരിക്കുന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അജിത് മൈതി അഭിപ്രായപ്പെട്ടു.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അക്രമികള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും പശ്ചിമബംഗാളിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അനൂജ് ശര്‍മ്മ പറഞ്ഞു.

മിഡ്‌നാപൂരിലെ മോദിയുടെ റാലിയുടെ സമയത്ത് ടെന്റിന്റെ ഒരു ഭാഗം തകര്‍ന്ന് തിങ്കളാഴ്ച 90ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു.

We use cookies to give you the best possible experience. Learn more