| Tuesday, 26th April 2022, 5:53 pm

കോണ്‍ഗ്രസിനോട് 'നോ' പറഞ്ഞ് പി.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് വ്യക്തമാക്കി രണ്‍ദീപ് സിംഗ് സുര്‍ജേവാല. പാര്‍ട്ടിയില്‍ ചേരുന്നില്ലെന്ന് കിഷോര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഉപാധികള്‍ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം നേതൃത്വത്തോട് വ്യക്തമാക്കി.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് അറിയിച്ചത്.

”പ്രശാന്ത് കിഷോറുമൊത്തുള്ള ചര്‍ച്ചകള്‍ക്കും (പദ്ധതി) അവതരണങ്ങള്‍ക്കും ശേഷം കോണ്‍ഗ്രസ് അധ്യക്ഷ ‘എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് 2024’ന് രൂപം നല്‍കി. അദ്ദേഹത്തെ കൃത്യമായ ചുമതല നല്‍കി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, ക്ഷണം അദ്ദേഹം നിരസിച്ചു. പാര്‍ട്ടിക്ക് അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു,” സുര്‍ജേവാല ട്വീറ്റ് ചെയ്തു.

പല തവണ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനം ചര്‍ച്ചയായിട്ടുണ്ടെങ്കിലും ഇത്തവണ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്നുതന്നെയാണ് അവസാന ഘട്ടംവരെ ഉണ്ടായിരുന്ന വിവരം.

കോണ്‍ഗ്രസിന്റ തിരിച്ചുവരവിന് വേണ്ടി കൃത്യമായ പദ്ധതികളാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ഉണ്ടാക്കിയിരുന്നത്.
2024 ലെ പൊതുതെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ടുള്ള പദ്ധതികളായിരുന്നു പ്രശാന്ത് കിഷോര്‍ ഒരുക്കിയത്.

‘കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന്’ നേതൃത്വം പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കുകയും ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പാര്‍ട്ടിയുടെ സ്ഥാപക തത്വങ്ങള്‍ വീണ്ടെടുക്കുക, സഖ്യപ്രശ്നങ്ങള്‍ പരിഹരിക്കുക, താഴേത്തട്ട് മുതല്‍ സംഘടനാപരമായ അഴിച്ചുപണി, പാര്‍ട്ടിയുടെ പ്രചാരണത്തിനായി മാധ്യമങ്ങളേയും ഡിജിറ്റല്‍ മേഖലയേയും ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ആള്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനെത്തെത്തണമെന്നുതന്നെയാണ് പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരുന്നത്.

Content Highlights: Refused Free Hand, Prashant Kishor Turns Down Offer To Join Congress

We use cookies to give you the best possible experience. Learn more