വാസ്‌കോ: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ഗോവന്‍ ബി.ജെ.പിയില്‍ വിമതസ്വരം ഉയരുന്നു. ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറാണ് താന്‍ ആവശ്യപ്പെട്ട സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധമറിയിച്ചിരിക്കുന്നത്.
തന്റെ അച്ഛന്റെ മണ്ഡലമായ പനാജിയില്‍ തന്നെ മത്സരിക്കണമെന്നാണ് ഉത്പല്‍ നിര്‍ബന്ധം പിടിക്കുന്നത്. പനാജിക്ക് പകരം മറ്റ് രണ്ട് സീറ്റുകള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ആ ഓഫര്‍ സ്വീകരിക്കാതെയാണ് ഉത്പല്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നത്. അറ്റാന്‍സിയോ ‘ബാബുഷ്’ മോന്‍സറേട്ടിനെയാണ് ബി.ജെ.പി പനാജിയിയില്‍ നിന്നും മത്സരിപ്പിക്കുന്നത്.
എന്ത് വന്നാലും പനാജിയില്‍ തന്നെ മത്സരിക്കുമെന്നും, അതിപ്പോള്‍ ബി.ജെ.പിയ്‌ക്കെതിരായി മത്സരിക്കേണ്ടി വന്നാലും തീരുമാനത്തില്‍ നിന്നും പുറകോട്ടില്ലെന്നുമാണ് ഉത്പല്‍ പരീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
അതേസമയം പല അനുനയ ശ്രമങ്ങളും ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. ‘പനാജിയല്ലാതെ മറ്റ് രണ്ട് സീറ്റുകള്‍ ഞങ്ങള്‍ ഉത്പല്‍ പരീക്കറിനായി മുന്നോട്ട് വെച്ചിട്ടുണ്ട്. അദ്ദേഹം ഈ ഓഫര്‍ സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ബി.ജെ.പി എന്നും പരീക്കര്‍ കുടുംബത്തോട് ബഹുമാനമുള്ളവരാണ്,’ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നു.
എന്നാല്‍, പനാജി സീറ്റ് വാഗ്ദാനം ചെയ്ത് ആം ആദ്മി പാര്‍ട്ടി ഉത്പലിന് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതുമുതല്‍ ആം ആദ്മി പാര്‍ട്ടി ഉത്പലിന്റെ നീക്കത്തിനായി കാത്തിരിക്കുകയാണ്.
‘ബി.ജെ.പിയുടെ ഉപയോഗിച്ച് വലിച്ചെറിയുന്ന നയം പരീക്കര്‍ കുടുംബത്തോട് കാണിക്കുന്നതില്‍ ഗോവന്‍ ജനത വിഷമിക്കുന്നുണ്ടാവാം. മനോഹര്‍ പരീക്കറിനോട് എനിക്കെന്നും ബഹുമാനമാണ്. ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ നിന്നും മത്സരിക്കാന്‍ ഉത്പല്‍ ജിയെ സ്വാഗതം ചെയ്യുന്നു,’ അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ബി.ജെ.പി സീറ്റ് നല്‍കാതെ ഉത്പലിനെ പുറത്താക്കുകയും അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയുമാണെങ്കില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു.
മൂന്ന് തവണ ഗോവയുടെ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ സമുന്നതനായ നേതാവുമായിരുന്ന മനോഹര്‍ പരീക്കര്‍ 2019ലാണ് മരണപ്പെടുന്നത്. 25 വര്‍ഷക്കാലം മനോഹര്‍ പരീക്കറായിരുന്നു പനാജിയെ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് നേതാവും, മനോഹര്‍ പരീക്കറിന്റെ എക്കാലത്തേയും വലിയ രാഷ്ട്രീയ എതിരാളിയുമായിരുന്ന മോന്‍സറേട്ടിനെയാണ് ബി.ജെ.പി പനാജിയിലേക്ക് പരിഗണിച്ചിരിക്കുന്നത്.
മകനായ തന്നെ തഴയുകയും അച്ഛന്റെ എതിരാളിയായ വ്യക്തിക്ക് തന്നെ പരീക്കര്‍ കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം നല്‍കുകയും ചെയ്തതോടെയാണ് ഉത്പല്‍ തീരുമാനം കടുപ്പിച്ചിരിക്കുന്നത്.
ഗോവ പിടിക്കാന്‍ രണ്ടും കല്‍പിച്ചാണ് ആം ആദ്മി മത്സരരംഗത്തുള്ളത്. ഉത്പലിനെ എ.എ.പി പാളയത്തിലെത്തിക്കാന്‍ സാധിച്ചാല്‍ ആം ആദ്മിയുടെയും കെജ്‌രിവാളിന്റെയും ഏറ്റവും വലിയ രാഷ്ട്രീയ വിജയമായാവും ഇത് വിലയിരുത്തപ്പെടുക.
ബി.ജെ.പിക്കും എ.എ.പിക്കും കോണ്‍ഗ്രസിനും പുറമെ ഗോവയില്‍ ശക്തമായ സാന്നിധ്യമാവാനാണ് മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരുങ്ങുന്നത്. നാല് പാര്‍ട്ടിയും തുല്യ ശക്തികളായി വിലയിരുത്തപ്പെടുമ്പോള്‍ ഗോവയില്‍ ഫലം പ്രവചനാതീതമാണ്.
ഫെബ്രുവരി 14നാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Refused BJP Ticket, Son Of Ex Chief Minister Manohar Parrikar to leave party