വിവരാവകാശ രേഖകളില്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു; സെബിയെ വിമര്‍ശിച്ച് ജയറാം രമേശ്
national news
വിവരാവകാശ രേഖകളില്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു; സെബിയെ വിമര്‍ശിച്ച് ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2024, 12:47 pm

ന്യൂദല്‍ഹി: സെബിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. സെബി ചെയര്‍പേഴ്‌സണ്‍ മാധബി പൂരി ബുച്ചുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ വിസമ്മതിച്ച സെബിയുടെ നിലപാടാണ് ജയറാം രമേശ് വിമര്‍ശിച്ചത്. സെബിയുടെ നിലപാട് വിവരാവകാശനിയമത്തിന്റെ ഉത്തരവാദിത്തത്തെയും സുതാര്യതയെയും പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

‘സെബിയുമായി ബന്ധപ്പെട്ട് ഇതുവരെ വെളിപ്പെടുത്തിയ രേഖകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴത്തെ നീക്കം ഞെട്ടല്‍ വര്‍ധിപ്പിക്കുന്നു. വിഷയങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് സെബി സ്വയം പിന്മാറിയതായി വിവരാവകാശ പ്രവര്‍ത്തകന്‍ വ്യക്തമാക്കി. ഇത് ഉത്തരവാദിത്തവും സുതാര്യതയും പരിഹസിക്കുന്ന സെബിയുടെ നിലപാടാണ് കാണിക്കുന്നത്,’ ജയറാം രമേശ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

മാധബി പൂരി ബുച്ചിന് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത വിഷയങ്ങള്‍ വിവരാവകാശ രേഖയില്‍ നിന്നും സെബി ഒഴിവാക്കിയതിനെയാണ് ജയറാം രമേശ് പരിഹസിച്ചത്. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമല്ലെന്നും ഇത്തരത്തിലുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് കേസിനെ വഴിതിരിച്ച് വിടാനും കാരണമാകുമെന്ന് സെബിയുടെ സെക്യുരിറ്റീസ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ വിവരാവകാശ പ്രതികരണത്തില്‍ പറഞ്ഞിരുന്നു.

മാധബി ബുച്ചിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക ആസ്തികള്‍ സംബന്ധിച്ച വിവരങ്ങളും അവയുടെ പകര്‍പ്പുകളും സര്‍ക്കാരിനും സെബി ബോര്‍ഡിനും നല്‍കാന്‍ സെബി വിസമ്മതിക്കുന്നതായി ട്രാന്‍സ്പിരന്‍സി ആക്ടിവിസ്റ്റ് കൊമ്മഡോര്‍ ലോകേഷ് ബത്ര പറഞ്ഞിരുന്നു. വ്യക്തിവിവരങ്ങള്‍ പങ്കുവെക്കുന്നത് അവരുടെ വ്യക്തി സുരക്ഷയെ ബാധിക്കുമെന്നും മറുപടിയില്‍ രേഖപ്പെടുത്തിയതായി ആക്ടിവിസറ്റ് പറഞ്ഞു.

വ്യക്തി സുരക്ഷ, വ്യക്തിഗത വിവരങ്ങള്‍ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളാണ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്നും മാറിനില്‍ക്കാന്‍ സെബി ഉപയോഗിച്ചത്.

‘ അന്വേഷിക്കുന്ന വിവരങ്ങള്‍ നിങ്ങളെ സംബന്ധിക്കുന്നതല്ല. അത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഏതെങ്കിലും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്തതുമാണ്. ഇതിലൂടെ വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനാവശ്യമായ കടന്നുകയറ്റത്തിന് കാരണമാവുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്‌തേക്കാം,’ വിവരാവകാശ മറുപടിയില്‍ പറയുന്നു.

Content Highlight: refusal to disclose information in RTI documents ; jairam ramesh criticize sebi