| Sunday, 27th September 2020, 8:09 am

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയലാക്കോടെയുള്ള പ്രവര്‍ത്തനം നിര്‍ത്തിക്കോളൂ; ഗവര്‍ണര്‍ക്ക് താക്കീതുമായി മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണ ജഗ്ദീപ് ദങ്കാറും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുറുകുന്നു. ഗവര്‍ണറോട് ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട് മമത ഗവര്‍ണര്‍ക്ക് കത്തെഴുതി.

സംസ്ഥാനത്തെ ക്രമസമാധാനനിലയില്‍ ആശങ്കയറിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഗവര്‍ണര്‍ കത്തെഴുതിയതിന് പിന്നാലെയായിരുന്നു ശക്തമായ പ്രതിഷേധമറിയിച്ച് മമത ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. ഒമ്പത് പേജുള്ള കത്തില്‍ ഗവര്‍ണര്‍ പൊലീസ് മേധാവിക്ക് അയച്ച കത്തും ട്വീറ്റും കണ്ടതില്‍ പിന്നെ അങ്ങേയറ്റം അസ്വസ്ഥയായിരുന്നു താനെന്ന് മമത പറഞ്ഞു.

”ആര്‍ട്ടിക്കിള്‍ 163 പ്രകാരം മുഖ്യമന്ത്രിയേയും അവരുടെ മന്ത്രിസഭയേയും സഹായിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതനാണ്.

അതാണ് ജനാധിപത്യത്തിന്റെ സത്തയും. പക്ഷേ ഭരണഘടനയെ മറികടക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. താങ്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിരുകടന്ന പ്രവര്‍ത്തനങ്ങളിലെ അതൃപ്തി രേഖപ്പെടുത്താനാണ് ഈ കത്തയക്കുന്നത്”. മമത പറഞ്ഞു.

ഗവര്‍ണര്‍ രാഷ്ട്രപതിയുടെ എക്‌സിക്യൂട്ടീവ് നോമിനിയാണെന്നും അതേസമയം പശ്ചിമ ബംഗാളിലെ ജനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ് ഞാന്‍ എന്നും കത്തില്‍ മമത ബാനര്‍ജി പറഞ്ഞു.

ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയലാക്കോടെ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നും മമത ഗവര്‍ണറോട് ആവശ്യപ്പെട്ടു.
സെപ്തംബര്‍ ആദ്യം പശ്ചിമബംഗാളിലെ ക്രമസമാധാനനിലയക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഗവര്‍ണര്‍ ഡി.ജി.പിക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത ഭാഷയില്‍ മമത ബാനര്‍ജിയും ഗവര്‍ണര്‍ക്ക് മറുപടിയെഴുതിയത്.

ഡൂള്‍ന്യൂസിനെ, ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Refrain From Surpassing Chief Minister: Mamata Banerjee In 9-Page-Letter To Governor

We use cookies to give you the best possible experience. Learn more