| Friday, 7th August 2020, 6:15 pm

പൊലീസിന് സര്‍വാധികാരം, കുറ്റവാളിയല്ല എന്ന് തെളിയിക്കേണ്ടത് ഓരോ കുറ്റാരോപിതരുടെയും ബാധ്യത; ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കേന്ദ്രം കൈവെക്കുമ്പോള്‍ സംഭവിക്കുന്നതെന്തെല്ലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ബാധിക്കുന്ന നിര്‍ണായക തീരുമാനത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് മാഹാമാരിയുടെ മറവില്‍  ധൃതിപ്പെട്ട് നടക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ കോടതികള്‍ പോലും കൃത്യമായി  പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ ശിക്ഷാനിയവും, ക്രിമിനല്‍ നടപടി ക്രമവും, ഇന്ത്യന്‍ തെളിവ് നിയമവും പൊളിച്ചെഴുതാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ആദ്യ സൂചനകള്‍ നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയിരുന്നു.

കേന്ദ്രത്തിന്റെ ഈ നീക്കം രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നറിയിച്ചുകൊണ്ട് സുപ്രീം കോടതിയിലെ 16 മുന്‍  ജഡ്ജിമാരും,  ഹൈക്കോടതികളിലേയും ഇന്ത്യയിലെ വിവിധ കോടതികളില്‍ നിന്നുള്ള നൂറോളം അഭിഭാഷകരും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അക്കാദമീഷ്യന്മാരും രംഗത്ത് വന്നിരിക്കുകയാണ്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തണമെന്നും മുഴുവന്‍ പ്രവര്‍ത്തനങ്ങളും പുനര്‍വിചാരണ ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

നീതിയുക്തമായ വിചാരണ ഇല്ലാതാക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അപ്രസക്തമാക്കാനുമുള്ള നീക്കങ്ങളാണ് ഇന്ത്യന്‍ ശിക്ഷാ നിയമം തിരുത്തിയെഴുതുന്നത് വഴി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മള്‍ നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുന്നതാണ്  ഈ പരിഷ്‌കരണമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ശിക്ഷ, വിചാരണ, പൊലീസിന്റെ മുന്‍പാകെയുള്ള കുറ്റസമ്മതത്തിന് സാധുത നല്‍കുന്നത്, കുറ്റം തെളിയിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തം പ്രോസിക്യൂഷനില്‍ നിന്നും പ്രതിയിലേക്ക് മാറുന്നത് തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ അതിന്റെ അടിസ്ഥാന തത്വത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് സൂചിപ്പിക്കുന്ന തീരുമാനങ്ങളാണ് നടക്കാന്‍ പോകുന്നത് എന്നാണ് പലകോണുകളില്‍ നിന്നായി ഉയരുന്ന നിരീക്ഷണങ്ങള്‍.

അഞ്ചംഗ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ നടപ്പിലാകാന്‍ പോകുന്നത്.
ഇന്ത്യ കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സമയത്ത് ഇത്തരത്തിലൊരു നീക്കം നടത്തുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതിയിലെ മുന്‍ ജഡ്ജായ ജസ്റ്റിസ് ഗോപാല്‍ ഗൗഡ ദ ഫെഡറിലിനോട് പ്രതികരിച്ചത്. കോടതികള്‍ പോലും ഈ സമയത്ത് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ പ്രൊസീഡ്യര്‍ കോഡിലും  മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ധൃതിപ്പെട്ട് നീക്കം നടക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.   ഈ നടപടിക്രമങ്ങളെല്ലാം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട റിട്ടയര്‍ഡ് ജഡ്ജ്മാരുടെ കൂട്ടത്തില്‍ പ്രധാനിയാണ് ഇദ്ദേഹം.

2020 മെയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതികള്‍ ഉള്‍ച്ചേര്‍ക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുന്നത്. ദല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലറായ പ്രൊഫ. രണ്‍ബീര്‍ സിങ്ങാണ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്. രണ്‍ബീര്‍ സിങ്ങിന് പുറമെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ തന്നെ രജിസ്ട്രാറായ പ്രൊഫ. സി.എസ് ബജ്പാല്‍, പ്രൊഫ. മൃണാല്‍ സതീഷ്, സെഷന്‍സ് ജഡ്ജായിരുന്ന ജി.പി ത്രേജ, സുപ്രീം കോടതി അഭിഭാഷകനായ മൃണാള്‍ സതീഷ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

കമ്മിറ്റിയില്‍ സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ഒരു ജഡ്ജ് പോലും ഇടംപിടിച്ചിട്ടില്ല. ഇതിലുപരി സ്്്ത്രീകള്‍ക്കോ, ചരിത്രകാരന്മാര്‍ക്കോ ഭരണഘടന എക്‌സ്‌പേര്‍ട്ടുകള്‍ക്കോ കമ്മിറ്റിയില്‍ ഒരു പ്രാതിനിധ്യവും നല്‍കിയിട്ടുമില്ല.  21ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിക്കപ്പെടുമ്പോള്‍ ആ കമ്മിറ്റിയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനെതിരെ വലിയ വിമര്‍ശനാമാണ് ഉയര്‍ന്നത്. ഇതിലുപരി കമ്മിറ്റിയില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കോ, ന്യൂനപക്ഷങ്ങള്‍ക്കോ പ്രാതിനിധ്യമില്ല എന്നതും ഏറെ ചര്‍ച്ചചെയ്യപ്പേടേണ്ടതാണ് എന്ന് നിയമവിദ്ഗ്ധര്‍ തന്നെ തുറന്നു പറയുന്നുമുണ്ട്.

കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍  പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഒരു സെക്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെബ്‌സെറ്റില്‍ പ്രതികരണം ഇംഗ്ലീഷ് ഭാഷയിലൂടെ മാത്രമേ നടത്താന്‍ കഴിയൂ. 200 വാക്കില്‍ കവിയാതെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനാണ് സാധിക്കുക എന്നായിരുന്നു ആദ്യഘട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ പിന്നീട് ഇത് ഒരു നിര്‍ദേശം മാത്രമാണ് നിയമം അല്ല എന്ന് തിരുത്തുകയും ചെയ്തിട്ടുണ്ട്.

ഈ വിഷയത്തില്‍ ഒരു ഗവേഷണവും നടത്താത്ത ഒരാള്‍ തയ്യാറാക്കിയതു പോലെ തോന്നുന്നതാണ് വെബ്സൈറ്റിലെ ചോദ്യാവലി എന്നാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഡോ.പി.വി ദിനേഷ് പറയുന്നത്. നേരത്തെ പറഞ്ഞതു പോലെ ശിക്ഷ, വിചാരണ, പൊലീസിന്റെ മുന്‍പാകെയുള്ള കുറ്റസമ്മതത്തിന് സാധുത നല്‍കുന്നത്, കുറ്റം തെളിയിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്തം പ്രോസിക്യൂഷനില്‍ നിന്നും പ്രതിയിലേക്ക് മാറുന്നത് തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ അതിന്റെ അടിസ്ഥാന തത്വത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് സൂചിപ്പിക്കുന്ന ചോദ്യങ്ങളാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഭേദഗതികളുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. ആറ് മാസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ജൂലൈ നാലിന് ആരംഭിച്ച് ഒക്ടോബര്‍ ഒമ്പതിന് അവസാനിക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഏറ്റവും കുറഞ്ഞ സമയക്രമമാണിതെന്ന് കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ എസ്.ബാലന്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍, പ്രൊസീഡ്യര്‍ കോഡും ഇന്ത്യന്‍ തെളിവ് നിയമവുമെല്ലാം സുദീര്‍ഘമായ ചര്‍ച്ചകളിലൂടെയും പഠനങ്ങളിലൂടെയുമാണ് നിലവില്‍ വന്നത്. ഉദാഹരണത്തിന് ഒന്നാം നിയമ കമ്മീഷന്‍ 1834ലാണ് വരുന്നത്.  മുന്ന് വര്‍ഷത്തിന് ശേഷം 1837ല്‍ മാത്രമാണ് അതിന്റെ കരട് രേഖ സമര്‍പ്പിക്കുന്നത്. ഈ ഡ്രാഫ്റ്റ് കോഡ് പിന്നീടും മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു. സമാനമായ തരത്തില്‍ ക്രമിനല്‍ പ്രൊസീഡ്യര്‍ കോഡിനും ഇന്ത്യന്‍ എവിഡന്‍സ് നിയമത്തിനും ഇത്തരത്തില്‍ സുദീര്‍ഘമായ ചരിത്രമുണ്ട്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മുമ്പാകെയുള്ള കുറ്റസമ്മതം തെളിവായി പരിഗണിക്കാമെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റിന്റെ 24,25,26 വകുപ്പുകള്‍ പ്രകാരം ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മുന്‍പാകെയുള്ള കുറ്റസമ്മതം ഒരു കാരണവശാലും തെളിവായി സ്വീകരിക്കാന്‍ കഴിയില്ല എന്നാണ്. കാലാകാലങ്ങളായുള്ള നിരവധി വിധി ന്യായങ്ങള്‍ ഇതിനെ ശക്തിപ്പെടുത്തുകയാണുണ്ടായത്.  മര്‍ദന മുറകളിലൂടെ കുറ്റാരോപിതനായിട്ടുള്ള ഒരു വ്യക്തിയെക്കൊണ്ട് കുറ്റസമ്മതം നടത്തിപ്പിക്കുന്നത് ഐ.പി.സി സെക്ഷന്‍ 330,331 വകുപ്പുകള്‍  പ്രകാരം പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഇന്ത്യന്‍ പൊലീസ് ആക്റ്റിന്റെ സെഷന്‍ 29 പറയുന്നത് പൊലീസ് ഓഫീസര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാമെന്നാണ്. എന്നിട്ടും പ്രതിദിനം അഞ്ച് പേര്‍ രാജ്യത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ 185ാം നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് നീരീക്ഷിക്കുന്നത് ഇന്ത്യയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ് എന്നാണ്.

ഇതുകൊണ്ടാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന് മുമ്പാകെ നല്‍കിയ കുറ്റ സമ്മതത്തിന് അംഗീകാരം നല്‍കാനുള്ള ശുപാര്‍ശകള്‍ നിയമ കമ്മീഷന്‍ നിരസിക്കുന്നതും. ഒരു പുരോഗമന സമൂഹത്തിന്റെ നിയമ വ്യവസ്ഥ പ്രകാരം കുറ്റാരോപിതനായ വ്യക്തിയെ കുറ്റവാളിയെന്ന് തെളിയിക്കുന്നത് വരെ കുറ്റക്കാരനായി കണക്കാക്കുന്നില്ല. എന്നാല്‍ പുതിയ വ്യവസ്ഥ പ്രകാരം താന്‍ നിരപരാധിയാണ് എന്ന് തെളിയിക്കുന്നതിന്റെ ഭാരം പ്രൊസിക്യൂഷനില്‍ നിന്നും കുറ്റാരോപിതനിലേക്ക് എത്തുകയാണ്. ഇത് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൗലികാവശകാശത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതാണെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. ഇന്ത്യയിലെ നിലവില്‍ ശിക്ഷിക്കപ്പെടുന്ന ആളുകളുടെ അനുപാതം കുറവാണെന്ന് അംഗീകരിക്കുമ്പോള്‍ പോലും നീതിയുക്തമായ വിചാരണയ്ക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് കര്‍ണാടകയിലെ മുന്‍ പ്രോസിക്യൂട്ടറായ ബി.ടി വെങ്കിടേഷ് പറയുന്നു.

ഇന്ത്യാന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നടപടിക്രമങ്ങളിലും ഇന്ത്യന്‍ തെളിവ് നിയമത്തിലും കമ്മിറ്റിയുടെ ചോദ്യാവലിയില്‍ പറഞ്ഞിരിക്കുന്നത് പ്രകാരമുള്ള മാറ്റങ്ങള്‍ വന്നാല്‍ അത് തീര്‍ച്ചയായും ഇന്ത്യയുടെ ജനാധിപത്യഭാവിയില്‍ വലിയ വിള്ളലുകള്‍ ഇനിയും വീഴ്ത്തും.
ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന എല്ലാ അവകാശങ്ങളില്‍ നിന്നുമുള്ള ഒരു തിരിഞ്ഞു നടത്തമായിരിക്കും അത്. പൊലീസിന്റെ അധികാരം ഓരോ പൗരന്റെയും ജീവിതത്തിലേക്ക് കടന്നാക്രമിക്കപ്പെടുമ്പോഴും ഒരു തരത്തിലുള്ള നീതിയും ഉറപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്കും നയിക്കുമെന്ന് പരക്കെ ആശങ്കള്‍ ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more