| Saturday, 15th October 2016, 9:28 am

നിയമപരിഷ്‌ക്കരണത്തിന് വേദങ്ങളെ മാതൃകയാക്കണമെന്ന് നിയമനകമ്മീഷന്‍ അംഗം അഭയ് ഭരദ്വാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും അടക്കമുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ പ്രകാരം തെളിവു നിയമം പരിഷ്‌കരിക്കുന്നത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ഗുണപ്രദമായ പുതിയൊരു ഘട്ടത്തിലേയ്ക്ക് നയിക്കുമെന്ന് ഇദ്ദേഹം പറയുന്നു.


ന്യൂദല്‍ഹി: 144 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ എവിഡന്‍സ് ആക്ട്( തെളിവ് നിയമം) കാലഹരണപ്പെട്ടതാണെന്നും വേദങ്ങളും ഉപനിഷത്തുകളും അനുസരിച്ച് അത് പരിഷ്‌കരിക്കണമെന്നും നിയമകമീഷന്‍ അംഗം അഭയ് ഭരദ്വാജ്.

ഗുജറാത്തില്‍ നിന്നുള്ള അഭിഭാഷകനായ അഭയ് ഭരദ്വാജ് കഴിഞ്ഞ വര്‍ഷമാണ് 21 ാം നിയമ കമ്മീഷനില്‍ പാര്‍ട്‌ടൈം അംഗമായത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ പരിഷ്‌കരണത്തിനുള്ള ഉപദേശം നല്‍കാന്‍ നിയോഗിക്കപ്പെട്ട സമിതിയാണ് നിയമ കമ്മീഷന്‍.

ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് പൊതു സിവില്‍ കോഡ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ് ഭരദ്വാജ് ഇക്കാര്യം വ്യക്തമാക്കിയത്.

വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും അടക്കമുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ പ്രകാരം തെളിവു നിയമം പരിഷ്‌കരിക്കുന്നത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ഗുണപ്രദമായ പുതിയൊരു ഘട്ടത്തിലേയ്ക്ക് നയിക്കുമെന്ന് ഇദ്ദേഹം പറയുന്നു.

ഇന്ത്യന്‍ ക്രിമിനല്‍ നിയമ സംവിധാനത്തിന്റെ അടിസ്ഥാനമാണ് തെളിവ് നിയമം. നീതിന്യായ സംവിധാനത്തിന് പുതു ചൈതന്യമുണ്ടാക്കാന്‍ പുരാതന മത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവ് നിയമം പരിഷ്‌കരിക്കണം.

തെളിവ് ശേഖരണത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ ഈ പുരാതന ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ജൈന നിയമത്തില്‍ തെളിവുകളെക്കുറിച്ച് ഏഴ് ശ്ലോകങ്ങളുണ്ട്. ഇത് ജഡ്ജിമാര്‍ പ്രയോജനപ്പെടുത്തിയാല്‍ വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെ വിധിപ്രസ്താവത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാവില്ലെന്നും അഭയ് ഭരദ്വാജ് പറയുന്നു.

താന്‍ ആര്‍.എസ.എസിലെ കമ്യൂണിസ്റ്റാണെന്ന് അവകാശപ്പെടുന്ന അഭയ് ഭരദ്വാജ് കമ്യൂണിസത്തിന് വേദങ്ങളില്‍ വേരുകളുണ്ടെന്നും അഭിപ്രായപ്പെടുന്നു.

2002 ലെ ഗുജറാത്ത് വംശഹത്യ സമയത്ത് നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരായ വ്യക്തിയാണ് ഇദ്ദേഹം.

ആര്‍.എസ്.എസ് സ്വയംസേവകനായ അഭയ് ഭരദ്വാജിന്റെ നിയമ കമ്മീഷന്‍ നിയമനം ഗുജറാത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more