നോത്രെ ദാമിലെ തീപ്പിടിത്തം അറിയാതിരുന്ന മാക്രോണ്‍ തങ്ങളെ പഠിപ്പിക്കേണ്ട, ജി7 പണം യൂറോപ്പിലെ വനവത്ക്കരണത്തിന് ഉപയോഗിച്ചാല്‍ മതിയെന്ന് ബ്രസീല്‍ മന്ത്രി
Amazon fires
നോത്രെ ദാമിലെ തീപ്പിടിത്തം അറിയാതിരുന്ന മാക്രോണ്‍ തങ്ങളെ പഠിപ്പിക്കേണ്ട, ജി7 പണം യൂറോപ്പിലെ വനവത്ക്കരണത്തിന് ഉപയോഗിച്ചാല്‍ മതിയെന്ന് ബ്രസീല്‍ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 12:24 pm

 

പോര്‍ട്ട് വെല്‍ഹോ: ആമസോണിലെ തീയണക്കാന്‍ ജി7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത 22 മില്ല്യണ്‍ ഡോളര്‍ ധനസഹായം നിരസിച്ചതിന് പിന്നാലെ ഫ്രാന്‍സിനെതിരെയും ജി 7 രാജ്യങ്ങള്‍ക്കെതിരെയും വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഒനിക്‌സ് ലോറെന്‍സോനി.

സഹായത്തിന് നന്ദിയുണ്ടെന്നും പക്ഷെ ആ പണം കൊണ്ട് യൂറോപ്പിന്റെ വനവത്ക്കരണത്തിനാണ് കൂടുതല്‍ പ്രസക്തിയെന്ന് ഒനിക്‌സ് പറഞ്ഞു.

പാരീസിലെ പൈതൃക കേന്ദ്രമായ നോര്‍ത്രെ ദാം കത്തീഡ്രലിലെ ഒഴിവാക്കാവുന്ന തീപ്പിടിത്തം തടയാന്‍ പറ്റാത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ഇപ്പോള്‍ തങ്ങളെ പഠിപ്പിക്കാന്‍ വരുന്നതെന്നും ഒനിക്‌സ് പറഞ്ഞു. വന സംരക്ഷണത്തെ കുറിച്ച് ഏത് രാജ്യത്തെ വേണമെങ്കിലും പഠിപ്പിക്കാന്‍ ബ്രസീലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിലായിരുന്നു ജി 7 ഉച്ചകോടി നടന്നിരുന്നത്. ആമസോണിലെ കാട്ടുതീ അന്താരാഷ്ട്ര പ്രശ്‌നമാണെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ബ്രസീലിനെ കോളനിയെ പോലെയാണ് ഫ്രാന്‍സ് കരുതുന്നതെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോ പ്രതികരിച്ചിരുന്നത്.

ആമസോണിലെ തീ നിയന്ത്രണ വിധേയമാണെന്ന് ബ്രസീല്‍ പ്രതിരോധമന്ത്രി ഫെര്‍ണാണ്ടോ അസെവ്ദോ പറഞ്ഞിരുന്നു. തീ കെടുത്താനും വനനശീകരണം തടയാനുമായി 44,000 സൈനികരെ ചുമതലപെടുത്തിയെന്നും ഫെര്‍ണാണ്ടോ പറഞ്ഞു.

അതേസമയം ഫണ്ടിങ്ങിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ബ്രസീല്‍ പരിസ്ഥിതി മന്ത്രിയായ റിക്കാര്‍ഡോ സാല്ലേസ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. ജി7 അംഗങ്ങളായ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യു.കെ, യു.എസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് 22 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചത്.

കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ബ്രസീല്‍ കാട്ടുതീ തടയാന്‍ സൈന്യത്തെ അയച്ചത്. പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോയുടെ നേതൃത്വത്തില്‍ ഭരണകൂടം രാജ്യത്ത് വനനശീകരണത്തിന് കൂട്ടു നില്‍ക്കുന്നുവെന്നായിരുന്നു ആരോപണം.