തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ തിരുത്തി സ്ഥാപനത്തിന്റെ ഉടമയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍.
വിഷയം ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മഹാ കുംഭമേളയുമായി ബന്ധപ്പെട്ടൊരു പരിപാടി തങ്ങളെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മലയാളികള്‍ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പരിപാടി മഹാ കുംഭമേളയെ പരിഹസിക്കും വിധമെന്ന് തങ്ങള്‍ക്ക് തോന്നിയെന്നാണ് ആളുകള്‍ അറിയിച്ചതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
കുംഭമേളയില്‍ പങ്കെടുത്ത കോടിക്കണക്കിന് വിശ്വാസികളില്‍ തന്റെ കുടുംബവും ഉണ്ടായിരുന്നുവെന്നും ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കുംഭമേള ബഹുമാനിക്കപ്പെടണമെന്നും കേരളമുള്‍പ്പടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ ആഗ്രഹമാണിതെന്നും രാജീവ് കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ അവതരിപ്പിച്ച കവര്‍ സ്റ്റോറി എപ്പിസോഡിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതെന്നാണ് വിവരം. ‘കുംഭമേളയിലെ സ്‌നാനവും കേരള രാഷ്ട്രീയത്തിലെ നവധാരകളും’ എന്ന തലക്കെട്ടോട് കൂടിയുള്ള പരിപാടിയിലെ ചില പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു.
നോട്ട് നിരോധനത്തിന് പിന്നാലെ 2000ന്റെ നോട്ട് പുറത്തിറക്കിയപ്പോള്‍ അതില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും വാദങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഈ വാദങ്ങളെ പോലും തള്ളിക്കളഞ്ഞ തങ്ങള്‍ക്ക് കുംഭമേളയില്‍ കോടിക്കണക്കിന് ആളുകള്‍ പങ്കെടുത്തെന്ന വാദവും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് സിന്ധു സൂര്യകുമാര്‍ പരിപാടിയില്‍ പറയുന്നുണ്ട്. സി.പി.ഐ.എം ഭരണത്തിലിരിക്കുന്ന കേരളത്തില്‍ നിന്ന് പോലും നൂറുക്കണക്കിന് ആളുകള്‍ ഗംഗയില്‍ സ്‌നാനം ചെയ്തുവെന്നും സിന്ധു സൂര്യകുമാര്‍ പറഞ്ഞിരുന്നു.
Content Highlight: Reference to Maha Kumbh Mela; Rajeev Chandrasekhar’s correction to Asianet