| Sunday, 3rd November 2024, 12:58 pm

മാരുതി 800 മുതൽ റോൾസ് റോയ്‌സ് വരെ; ഡി.ക്യുവിന്റെ ലക്കി ഫാക്ടറാവുന്ന വിന്റേജ് വാഹനങ്ങൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഏറെ ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ഐഡന്റിറ്റിയില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇന്‍ഡസ്ട്രിയില്‍ നേടിയെടുത്തിരുന്നു. വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തിരക്കുള്ള ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറായി ഉയരാന്‍ ഡി.ക്യുവിന് കഴിഞ്ഞു. കണ്ണും കണ്ണും കൊള്ളയടിത്താല്‍, ചുപ്പ് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടപ്പോള്‍ സീത രാമം എന്ന തെലുങ്ക് ചിത്രം കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയമായി മാറി. ലക്കി ഭാസ്കർ എന്ന പുതിയ ചിത്രത്തിലൂടെ ഈ വിജയം ആവർത്തിക്കുകയാണ് ദുൽഖർ സൽമാൻ.

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ഭാസ്‍കർ എന്ന കേന്ദ്ര കഥാപാത്രമായി ദുൽഖർ സൽമാൻ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ആരാധകര്‍ക്ക് കുറെ കാലമായി ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തിയേറ്ററുകളില്‍ ആഘോഷിക്കാന്‍ കഴിഞ്ഞില്ല. ആ പരാതി ഈ ചിത്രത്തിലൂടെ വെങ്കി അറ്റ്‌ലൂരി നികത്തി എന്ന് തന്നെ പറയാന്‍ കഴിയും. അദ്ദേഹത്തിന്റെ ആരാധകരെ ആവേശം കൊള്ളിക്കാനുള്ള എല്ലാ ചേരുവകളും പാകത്തിന് ചേര്‍ത്താണ് സംവിധായകന്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. കൂടാതെ ഒരു മിഡില്‍ ക്ലാസ്സുകാരന്‍ എന്നും കാണുന്ന സ്വപ്നത്തെ രോമാഞ്ചം വരുന്ന രീതിയിലും വെങ്കി ഒരുക്കിവെച്ചിട്ടുണ്ട്.

ദുൽഖർ ആരാധകർ എന്നും ശ്രദ്ധിക്കുന്ന ഒരു ഘടകമാണ് സിനിമയിലെ താരത്തിന്റെ വാഹനങ്ങൾ. സിനിമയിലെ ഹീറോസിന്റെ വണ്ടികളെ ആരാധിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരുണ്ട്. തന്റെ സിനിമകളിലൂടെ നിരവധി വാഹനങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച നടൻ കൂടിയാണ് ആരാധകരുടെ കുഞ്ഞിക്ക. നീലാകാശം പച്ച കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ബുള്ളറ്റിൽ ഓൾ ഇന്ത്യ യാത്ര നടത്തുന്നവരിൽ ഗണ്യമായ വർദ്ധനവ് സംഭവിച്ചിരുന്നു. അത്രയേറെ ആഴത്തിൽ യുവാക്കളെ സ്വാധീനിച്ച ചിത്രമായിരുന്നു നീലാകാശം പച്ച കടൽ ചുവന്ന ഭൂമി.

ബാംഗ്ലൂർ ഡേയ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം യമഹയുടെ ആർ.എക്സ്, ആർ.ഡി മോഡലുകൾക്കും ഡിമാൻഡ് കൂടി വന്നിരുന്നു. ചിത്രത്തിൽ ദുൽഖറിന്റെ അർജുൻ എന്ന കഥാപാത്രം ഉപയോഗിച്ചിരുന്ന ബൈക്ക് അതായിരുന്നു. ദുൽഖറിന് വാഹനങ്ങളോടുള്ള ഇഷ്ടം മനസിലാക്കിയിട്ടാവാം സംവിധായകർ സിനിമയിൽ അത് വേണ്ട രീതിയിൽ ഉപയോഗിക്കുന്നത്.

അത് നല്ല രീതിയിൽ വർക്കായ ചിത്രമാണ് ലക്കി ഭാസ്കർ. ഒരു മാരുതി 800 സ്വന്തമാക്കാൻ കൊതിക്കുന്ന നായകനെയാണ് പ്രേക്ഷകർ ആദ്യം സിനിമയിൽ കാണുന്നത്. പിന്നീട് ഭാസ്കർ ഓരോ ഘട്ടത്തിലും വിവിധ കാറുകൾ സ്വന്തമാക്കുമ്പോഴും സിനിമ എൻഗേജിങ് ആവുന്നത് വിന്റേജ് വാഹനങ്ങളും ഡി.ക്യുവും തമ്മിലുള്ള ഫോർമുല നന്നായി വർക്കാവുന്നത് കൊണ്ടാണ്.

ഭാസ്കർ നിസ്സാൻ പട്രോൾ എന്ന കാർ മുതൽ ആഡംബരത്തിന്റെ പര്യായമായ റോൾസ് റോയ്‌സ് വരെ സ്വന്തമാക്കുമ്പോഴും സിനിമയിൽ വീഴുന്ന കയ്യടി സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. മുൻ ചിത്രമായ കുറുപ്പിലും ദുൽഖറിന്റെ വാഹനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എൺപതുകളിലെ റോഡ് കിങ്ങായിരുന്ന കോണ്ടസ്സയിലും മറ്റ് വാഹനങ്ങളിലുമായിരുന്നു കുറുപ്പിന്റെ യാത്ര.

ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയിലെങ്കിലും കിംഗ് ഓഫ് കൊത്തയും ഈ കോമ്പോ വേണ്ടരീതിയിൽ ഉപയോഗിക്കാൻ ശ്രമിച്ച ചിത്രമാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിന് കിട്ടിയ സ്വീകാര്യതയെല്ലാം അത് സൂചിപ്പിക്കുന്നതായിരുന്നു. ദുല്ഖറിന്റെ ഒരു ലക്കി ഫാക്ടറായി തന്നെ മാറുകയാണ് സിനിമയിലെ കഥാപാത്രത്തിന്റെ വാഹനങ്ങളും.

Content Highlight: reference Of Vintage Vehicles In Dulqure salman movies

We use cookies to give you the best possible experience. Learn more