ഫിഫ ലോകകപ്പിലെ മത്സരങ്ങൾ ആവേശകരമായ ക്വാർട്ടർ ഫൈനൽ റൗണ്ട് പൂർത്തീകരിച്ചുകഴിഞ്ഞു. ഇനി നാല് ടീമുകൾ മാത്രമാണ് ഖത്തറിന്റെ മണ്ണിൽ കിരീടപ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഡിസംബർ 18ന് കാൽപന്ത് കളിയിലെ പുതിയ വിശ്വജേതാക്കൾ ആരെന്ന ചോദ്യത്തിന് ഫുട്ബോൾ പ്രേമികൾക്ക് ഉത്തരം ലഭിക്കും.
അതേസമയം യൂറോപ്യൻ വമ്പന്മാരായ തുല്യശക്തികൾ തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു.
എന്നാൽ ഇംഗ്ലീഷ് ടീമിന്റെ ലോകകപ്പിൽ നിന്നുള്ള പുറത്താകലിന് പിന്നാലെ മത്സരം നിയന്ത്രിച്ച ബ്രസീലിയൻ റഫറി വിൽട്ടൻ സമ്പായോക്കെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് താരവും, സ്പോർട്സ് വിദഗ്ധനുമായ ഗാരി നെവിൽ.
മത്സരം നിയന്ത്രിച്ച ബ്രസീലിയൻ റഫറിയുടെ ക്വാളിറ്റിയിൽ സംശയം പ്രകടിപ്പിച്ച ഗാരി, തങ്ങൾക്ക് അനുകൂലമായ നിരവധി അവസരങ്ങൾ റഫറി തട്ടിത്തെറിപ്പിച്ചു എന്നും വിമർശനമുന്നയിച്ചു.
“റഫറിക്ക് ഇനിയും മെച്ചപ്പെട്ട രീതിയിൽ കളി നിയന്ത്രിക്കാമായിരുന്നു എന്നെനിക്ക് തോന്നി.അയാൾ ഒരു നാണം കെട്ടവനാണ്. ഇംഗ്ലണ്ട് പുറത്തായത്തിന് ഞാൻ റഫറിയെ കുറ്റക്കാരനാക്കുന്നില്ല. എന്നാൽ അയാൾ തീരെ നാണംകെട്ടനിലവാരത്തിലാണ് കളി നിയന്ത്രിച്ചത് എന്നെനിക്കറിയാം. കൂടുതലൊന്നും ഞാനിപ്പോൾ പറയുന്നില്ല,’ ഗാരി പറഞ്ഞു.
കൂടാതെ റഫറി ഒരു തമാശയാണെന്ന് അദ്ദേഹം ട്വീറ്റും ചെയ്തു. മത്സരത്തിൽ ക്ലിയർ ഫൗൾ എന്ന് ഉറപ്പായിരുന്ന ഒട്ടേറെ അവസരങ്ങളിൽ തീരുമാനമെടുക്കാൻ റഫറിക്ക് താമസമെടുത്തെന്നും ഗാരി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ വിജയിച്ച ഫ്രാൻസിനെയും അദ്ദേഹം പ്രശംസിച്ചു.
“ഫുട്ബോൾ മത്സരങ്ങളിൽ കാണാറുള്ള എതിർ ടീമിനെതിരെ ആധിപത്യം സ്ഥാപിച്ചുള്ള മത്സരമാണ് ഇന്നലെ കണ്ടത്.
ഞാൻ മത്സരം കണ്ടുകൊണ്ടിരിക്കുമ്പോൾ മുഴുവൻ ചിന്തിച്ചത്. ഈ മത്സരം ഫ്രാൻസിന്റെ കൈപ്പിടിയിലായല്ലോ എന്നാണ്. നമുക്ക് അത് അനുഭവിക്കാൻ സാധിക്കും. ആധിപത്യം സ്ഥാപിച്ചുകൊണ്ടുള്ള കളി, നിർഭാഗ്യവശാൽ ഞങ്ങൾക്ക് അങ്ങനെ കളിക്കാൻ സാധിച്ചില്ല,’
സ്പോർട്സ് വിദഗ്ധൻ എന്നതിലുപരി സ്കൈ സ്പോർട്സ് നെറ്റ്‌വർക്കിന് വേണ്ടി കമന്ററിയും ചെയ്യുന്നുണ്ട്. കൂടാതെ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ സാൽഫോർഡ് സിറ്റിയുടെ സഹഉടമ കൂടിയാണ് അദ്ദേഹം.
2012-2016 കാലയളവിൽ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ അസിസ്റ്റന്റ് മാനേജറായും അദ്ദേഹം പ്രവർത്തിച്ചു.
പ്രൊഫഷണൽ ഫുട്ബോളർ ആയിരുന്ന കാലത്ത് റൈറ്റ് ബാക്ക് പൊസിഷൻ പ്ലെയർ ആയിരുന്ന ഗാരി, മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയാണ് ക്ലബ്ബ് മത്സരങ്ങൾ കളിച്ചത്.
അതേസമയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഫ്രഞ്ച് ടീമിന് ആഫ്രിക്കൻ കരുത്തരായ മൊറൊക്കോയാണ് സെമിയിലെ എതിരാളികൾ. ഡിസംബർ 15 ന് ഇന്ത്യൻ സമയം പുലർച്ചെ 12:30 നാണ് മത്സരം.
Content Highlights:referee’s quality is very bad: former english player