| Saturday, 3rd December 2022, 5:17 am

റഫറി ചിരിച്ച് കൊണ്ട് ചുവപ്പ് കാട്ടിയെങ്കിൽ അയാൾ നിസാരക്കാരനല്ല; തരം​ഗമായി കാമറൂൺ നായകൻ - വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ ​ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിന് കാമറൂൺ ബ്രസീലിനെ തോൽപ്പിക്കുകയായിരുന്നു, നോക്കൗട്ടിൽ ഇടം നേടാനായില്ലെങ്കിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ടീം കാമറൂൺ കളം വിട്ടത്.

തുടക്കം മുതൽ കാനറികളെ പ്രതിരോധിച്ച് തളച്ചിട്ട കാമറൂൺ ഇഞ്ചുറി ടൈമിലാണ് തങ്ങളുടെ വി‍ജയ​ ഗോൾ നേ‍ടിയത്. വിൻസെന്റ് അബൂബക്കർ നേടിയ മിന്നും ​ഗോളിലാണ് കാമറൂൺ ചരിത്ര ജയവുമായി മടങ്ങിയത്.

അഞ്ച് തവണ ലോകചാമ്പ്യൻമാരായ ബ്രസീലിനെ ഏകപക്ഷീയമായി തോൽപ്പിച്ചതിന്റെ ജയം തന്റെ ജേഴ്സി അഴിച്ചുമാറ്റിക്കൊണ്ടാണ് താരം ആഘോഷിച്ചത്. മത്സരശേഷം ലോകകപ്പിൽ നിന്ന് പുറത്ത് കടക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാവണം കാമറൂൺ ക്യാപ്റ്റൻ ചട്ടം ലംഘിച്ച് കളത്തിൽ ജയമാഘോഷിച്ചത്.

എന്നാൽ അത് കഴിഞ്ഞ് നടന്ന രം​ഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. റഫറി ഇസ്മായിൽ എൽഫത്ത് ചിരിച്ചുക്കൊണ്ട് അരികിലെത്തുകയും ഹസ്തദാനം നൽകിയതിനും ശേഷമാണ് അബൂബക്കറിന് ചുവപ്പ് കാർഡ് കാട്ടിയത്. നേരത്തെ ഒരു മഞ്ഞ കാർഡ് കിട്ടിയത് കൊണ്ടാണ് ചുവപ്പ് കാട്ടേണ്ടി വന്നത്. രണ്ട് മഞ്ഞ കാർഡുകൾ കിട്ടിയാൽ ചുവപ്പാകുമെന്നാണ് നിയമം.

ആരാധകരുടെ പ്രതീക്ഷ കൈവെടിഞ്ഞ നിമിഷം, അതും ഇഞ്ചുറി ടൈമിൽ കരുത്തരായ കാനറികൾക്കെതിരെ പിറന്ന ​ഗോളിനെ അങ്ങനെയല്ലാതെ ആഘോഷിക്കാനാവില്ലെന്ന് അറിയിക്കുന്നതായിരുന്നു റഫറിയുടെ ചിരി.

അതേസമയം ആദ്യ പകുതിയിൽ യുവതാരത്തിളക്കവുമായെത്തിയ ബ്രസീലിനെ തളച്ചുക്കെട്ടുകയായിരുന്നു കാമറൂൺ. ഇരു ടീമുകളും ആക്രമണവും പ്രതിരോധവുമായി മികച്ച പ്രകടനമായിരുന്നു ആദ്യ പകുതിയിൽ കാഴ്ചവെച്ചത്.

മത്സരം തുടങ്ങി അഞ്ച് മിനിട്ട് പിന്നിട്ടപ്പോൾ തന്നെ ഓരോ മഞ്ഞക്കാർഡുകൾ പിറന്നിരുന്നു. ബ്രസീലിന്റെ എഡർ മിലിറ്റാവോയ്ക്കും കാമറൂണിന്റെ നൗഹു ടോളോയ്ക്കുമാണ് മഞ്ഞക്കാർഡുകൾ കിട്ടിയത്.

കാനറികൾക്ക് തലവേദനയുണ്ടാക്കുന്ന പ്രകടനമായിരുന്നു തുടക്കം മുതൽ കാമറൂൺ പുറത്തെടുത്തത്. കാമറൂൺ ​ഗോൾ കീപ്പർ എപ്പാസിയാണ് മാച്ചിലെ താരം. അത്യു​ഗ്രൻ സേവുകളാണ് എപ്പാസി പലപ്പോഴായി നടത്തിയത്.

ബ്രസീലിയൻ വല സൂക്ഷിപ്പുകാരനെ നോക്കുകുത്തിയാക്കിയാക്കിയാണ് അബൂബക്കർ പന്ത് ​വലയിലെത്തിച്ചത്.

Content Highlights: Referee Ismail Elfath applauds Vincent Aboubakar’s late winner before showing him a second yellow

We use cookies to give you the best possible experience. Learn more