ഐ.സി.സി ടി-20 ലോകകപ്പിലെ ഇരുപത്തിയൊന്നാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ബംഗ്ലാദേശിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ നായകന്‍ മര്‍ക്രം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മാര്‍ക്രമിന്റെ ഈ തീരുമാനം തെറ്റാവുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്.
സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയെ തുടക്കത്തില്‍ തന്നെ തകര്‍ത്തെറിയുകയായിരുന്നു ബംഗ്ലാദേശ് ബൗളിങ് നിര. ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ റീസ ഹെന്‍ട്രിക്‌സിനെ പൂജ്യം റണ്‍സിന് പുറത്താക്കി ടാസ്‌കിന്‍ ഹസ്സന്‍ സക്കീബ് ആണ് ആദ്യ വിക്കറ്റ് നേടിയത്. ടാസ്‌കിന്റെ പന്തില്‍ എല്‍.ബി.ഡബ്യൂ ആയാണ് താരം പുറത്തായത്.
ഇതിനു പിന്നാലെ ഒരു മോശം നേട്ടമാണ് റീസാ ഹെന്‍ഡ്രിക്‌സിനെ തേടിയെത്തിയത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ കുറഞ്ഞത് ഏഴ് ഇന്നിങ്സുകള്‍ കളിച്ച ഓപ്പണര്‍മാരില്‍ ഏറ്റവും കുറഞ്ഞ ആവറേജുള്ള രണ്ടാമത്തെ താരമായി മാറാനാണ് റീസക്ക് സാധിച്ചത്. 9.0 ആണ് സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ ആവറേജ്.
10.5 ആവറേജ് നേടിയ ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ മറികടന്നുകൊണ്ടായിരുന്നു റീസ രണ്ടാം സ്ഥാനത്തെത്തിയത്. 8.2 ശരാശരിയുള്ള ബംഗ്ലാദേശ് താരം സൗമ്യ സര്‍ക്കാര്‍ ആണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്.
റീസക്ക് പുറമേ ക്വിന്റണ്‍ ഡി കോക്ക് 18(11), ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം 4(8), ട്രിസ്റ്റണ്‍ സ്റ്റബ്സ് 0(5) എന്നിവരെയും സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായി.
Content Highlight: Reeza Hendricks create a unwanted record in T20 World Cup