|

റീല്‍ ഓഫ് റെസിസ്റ്റന്‍സ്: ഫ്രറ്റേണിറ്റി ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കമാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംഘടിപ്പിക്കുന്ന റീല്‍ ഓഫ് റെസിസ്റ്റന്‍സ് ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കമാവും. ബുധന്‍,വ്യാഴം ദിവസങ്ങളിലായി എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററിലാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക.

ഫാസിസം,ഫാസിസ്റ്റ് കാലത്തെ പ്രതിരോധം തുടങ്ങിയവ പ്രമേയമാകുന്ന സ്പാനിഷ് ചലച്ചിത്രമായ ‘ഫോട്ടോഗ്രാഫര്‍ ഓഫ് മാതേവൂസ്’, ജര്‍മന്‍ ചലച്ചിത്രമായ ‘എലോണ്‍ ഇന്‍ ബെര്‍ലിന്‍’,ഇന്ത്യന്‍ സിനിമ ‘ഫിറാഖ്’, ഗുജറാത്ത് വംശഹത്യയെ ആസ്പദമാക്കി ചിത്രീകരിച്ച ഡോക്യുമെന്ററി ‘ഫൈനല്‍ സൊല്യൂഷന്‍’ എന്നിവയാണ് പ്രദര്‍ശനത്തിന് ഉണ്ടാവുക. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 8 മണി വരെ വിവിധ സമയങ്ങളിലായി സിനിമാപ്രദര്‍ശനവും അതിനോടനുബന്ധിച്ച് ചര്‍ച്ചയും എക്‌സ്പര്‍ട്ട് ടോകും ഉണ്ടായിരിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മലയാള ചലച്ചിത്രമേഖലയിലെ ഫോബിയകള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന എക്‌സ്പര്‍ട്ട് ടോക്കില്‍ എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ അജയ് ശേഖര്‍, മീഡിയാ ആക്ടിവിസ്റ്റ് വൈ.ഇര്‍ഷാദ് എന്നിവര്‍ സംസാരിക്കും. ‘പ്രതിരോധ സിനിമകളില്‍ ഇന്ത്യയെ അടയാളപ്പെടുത്തുമ്പോള്‍’ എന്ന തലക്കെട്ടില്‍ ചര്‍ച്ചാ സംഗമം നടക്കും.

2019 ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ മികച്ച നവാഗതസംവിധായകനുള്ള പുരസ്‌കാരവും ഏറ്റവും മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള പുരസ്‌കാരവും നേടിയ സംവിധായകന്‍ യു പി സ്വദേശി ഫഹീം ഇര്‍ഷാദ്, തമിഴ്‌നാട്ടില്‍ നിന്നുള്ള സംവിധായക ദിവ്യ ഭാരതി, ചലച്ചിത്ര നിരൂപകരായ ഷൈമ പി ,മാധ്യമം സബ് എഡിറ്റര്‍ സമീല്‍ ഇല്ലിക്കല്‍,ഡോക്യുമെന്ററി സംവിധായകന്‍ അഡ്വ.ഹാഷിര്‍ കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും.
പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.