| Tuesday, 10th October 2023, 4:46 pm

മൂന്ന് ഓവറില്‍ അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റ്; കടുവകളെ കൊന്ന് കൊലവിളിച്ച് ഇംഗ്ലണ്ട് കാത്തുവെച്ച വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡറിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിഞ്ഞാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം റീസ് ടോപ്‌ലി തന്റെ സ്‌പെല്‍ തുടരുന്നത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന ടോപ്‌ലി തന്റെ ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ്.

ലോകകപ്പിലെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് മുന്‍ നിര ബംഗ്ലാ വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് ടോപ്‌ലി ഇംഗ്ലണ്ട് ബൗളിങ്ങിനെ മുമ്പില്‍ നിന്നും നയിക്കുന്നത്.

ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങിയാണ് താരം രണ്ട് വിക്കറ്റ് വീഴ്ത്തിയത്, അതും തുടര്‍ച്ചയായ പന്തുകളില്‍.

ഓവറിലെ നാലാം പന്തില്‍ തന്‍സിദ് ഹസനെ പുറത്താക്കിയാണ് ടോപ്‌ലി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഹസന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ കാത്തിരുന്ന ജോണി ബെയര്‍സ്‌റ്റോയുടെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. രണ്ട് പന്തില്‍ ഒറ്റ റണ്‍സ് നേടിയാണ് ഹസന്‍ പുറത്തായത്.

തൊട്ടുത്ത പന്തില്‍ അപകടകാരിയായ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെയാണ് ടോപ്‌ലി അടുത്തതായി മടക്കിയയച്ചത്. ലിയാം ലിവിങ്സ്റ്റണ് ക്യാച്ച് നല്‍കി ഗോള്‍ഡന്‍ ഡക്കായാണ് ഷാന്റോ പുറത്തായത്.

ഹാട്രിക് ലക്ഷ്യമിട്ടെറിഞ്ഞ തന്റെ രണ്ടാം ഓവറിലെ ആദ്യ പന്ത് ലിട്ടണ്‍ ദാസ് ബൗണ്ടറി കടത്തിയപ്പോള്‍ അടുത്ത് മൂന്ന് പന്തില്‍ റണ്‍സൊന്നും പിറന്നില്ല. അഞ്ചാം പന്തില്‍ ലെഗ് ബൈ ആയി ബംഗ്ലാദേശ് ഒരു റണ്‍സ് നേടിയപ്പോള്‍ ഓവറിലെ അവസാന പന്തും ഡോട്ട് ആയി മാറി.

വിക്കറ്റ് മെയ്ഡനുമായാണ് ടോപ്‌ലി തന്റെ മൂന്നാം ഓവര്‍ അവസാനിപ്പിച്ചത്. ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനായിരുന്നു താരത്തിന്റെ അടുത്ത ഇര. അഞ്ചാം ഓവറിലെ നാലാം പന്തില്‍, ടീം സ്‌കോര്‍ 26ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായാണ് ഷാകിബ് പുറത്തായത്. ഒമ്പത് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് മത്സരത്തില്‍ ബംഗ്ലാ നായകന് നേടാന്‍ സാധിച്ചത്.

1, 0, L1, W, W, 0, 4,0, 0, 0, L1, 0, 0, 0, W, 0, 0 എന്നിങ്ങനെയാണ് ആദ്യ മൂന്ന് ഓവറില്‍ ടോപ്‌ലി പന്തെറിഞ്ഞത്.

മത്സരത്തില്‍ ഒരു മെയ്ഡന്‍ അടക്കം ഇതുവരെ അഞ്ച് ഓവര്‍ പന്തെറിഞ്ഞ ടോപ്‌ലി 18 റണ്‍സ് മാത്രമാണ് വഴങ്ങിയിരിക്കുന്നത്.

അതേസമയം, 19 ഓവര്‍ പിന്നിടുമ്പോള്‍ 106 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 59 പന്തില്‍ 66 റണ്‍സുമായി ഓപ്പണര്‍ ലിട്ടണ്‍ ദാസും 36 പന്തില്‍ 27 റണ്‍സുമായി സൂപ്പര്‍ താരം മുഷ്ഫിഖര്‍ റഹീമുമാണ് ക്രീസില്‍.

Content highlight: Reece Topley’s brilliant bowling performance against Bangladesh

Latest Stories

We use cookies to give you the best possible experience. Learn more