Sports News
ആ താരത്തിന്റെ മടങ്ങിവരവ് ടീമില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും; വെളിപ്പെടുത്തലുമായി ചെല്‍സി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 26, 09:58 am
Friday, 26th July 2024, 3:28 pm

2024 കോപ്പ അമേരിക്കയില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയാണ് അര്‍ജന്റീന ചാമ്പ്യന്‍മാരായത്. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം ചൂടിയത്. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.

എന്നാല്‍ കിരീടം നേടിയതിനു ശേഷം അര്‍ജന്റീന നടത്തിയ സെലിബ്രേഷന്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ടീം ബസിലെ ആഘോഷത്തില്‍ വെച്ച് എന്‍സോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള അര്‍ജന്റൈന്‍ താരങ്ങള്‍ ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ ഒരു പാട്ട് പാടി വംശീയമായ അധിക്ഷേപം നടത്തുകയായിരുന്നു.

‘അവര്‍ ഫ്രാന്‍സിനായി കളിക്കുന്നു, പക്ഷേ അവര്‍ അംഗോളയില്‍ നിന്നുള്ളവരാണ്. അവരുടെ അമ്മ നൈജീരിയക്കാരിയാണ്, അച്ഛന്‍ കാമറൂണില്‍ നിന്നുള്ളവനും. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ അവര്‍ ഫ്രഞ്ചുകാരാണ്,’ എന്നായിരുന്നു അവര്‍ പാടിയത്. വിഷയത്തില്‍ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

തന്റെ തെറ്റ് മനസിലാക്കിയ എന്‍സോ മാപ്പ് പറയുകയും ചെയ്തിരുന്നു. പക്ഷേ ഇത് ഫുട്‌ബോള്‍ ലോകത്തിന് പുറത്തും അകത്തും വലിയ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി ഒരുക്കി. എന്‍സോ കളിക്കുന്ന ക്ലബായ ചെല്‍സിയിലെ സഹതാരങ്ങള്‍ തന്നെ വലിയ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിരുന്നു. എന്‍സോയുടെ മടങ്ങിവരവ് ക്ലബ്ബിനകത്ത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്നാണ് ചെല്‍സി സൂപ്പര്‍ താരമായ റീസ് ജെയിംസ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്.

‘തീര്‍ച്ചയായും അദ്ദേഹം വെക്കേഷന്‍ കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ എത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും സഹതാരങ്ങള്‍ പരസ്പരം നേരിട്ട് സംസാരിച്ചാല്‍ കാര്യങ്ങള്‍ പരിഹരിക്കാം എന്നാണ് ഞാന്‍ കരുതുന്നത്.

പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ഈ സീസണില്‍ നല്ല രൂപത്തില്‍ മുന്നോട്ടുപോകാന്‍ കഴിയുമെന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഫുട്‌ബോളില്‍ ഒരുതരത്തിലുമുള്ള വിവേചനങ്ങള്‍ക്കും സ്ഥാനമില്ല. പക്ഷേ അദ്ദേഹം തെറ്റ് മനസിലാക്കി അപ്പോള്‍ തന്നെ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. ക്ലബ് അത് മികച്ച രീതിയിലാണ് അത് കൈകാര്യം ചെയ്തതും,’ റീസ് ജെയിംസ് പറഞ്ഞു.

 

 

Content Highlight: Reece james Talking About Enzo fernandez