ഇംഗ്ലീഷ് ദേശീയ ടീമിനായി ബൂട്ട് കെട്ടുന്ന ആദ്യ സഹോദര-സഹോദരി ജോഡിയായി റീസ് ജെയിംസും ലോറന്‍ ജെയിംസും
football news
ഇംഗ്ലീഷ് ദേശീയ ടീമിനായി ബൂട്ട് കെട്ടുന്ന ആദ്യ സഹോദര-സഹോദരി ജോഡിയായി റീസ് ജെയിംസും ലോറന്‍ ജെയിംസും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th September 2022, 10:00 pm

 

ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരുപാട് സഹോദരങ്ങള്‍ വ്യത്യസ്ത ടീമിനായും ഒരുമിച്ചും കളത്തിലിറങ്ങിയിട്ടുണ്ട്. ഈഡന്‍ ഹസാര്‍ഡ്- തോര്‍ഗന്‍ ഹസാര്‍ഡ്, ജെറോം ബോട്ടെങ്-കെവിന്‍ പ്രിന്‍സ് ബോട്ടെങ്, ലൂക്കാസ് ഹെര്‍ണാണ്ടസ്- തിയോ ഹെര്‍ണാണ്ടസ്, പോഗ്ബ സഹോദരന്മാര്‍, ഫെല്ലൈനി സഹോദരങ്ങള്‍ ഇവരെല്ലാം ഈ നിരയിലെ പ്രധാനികളാണ്.

എന്നാലിപ്പോള്‍ സീനിയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ആദ്യ സഹോദര-സഹോദരി ജോഡിയായി മാറിയിരിക്കുകയാണ് റീസ് ജെയിംസും ലോറന്‍ ജെയിംസും.

ഗാരെത് സൗത്ത്‌ഗേറ്റിന്റെ ടീമിലെ ഡിഫന്ററായ റീസ് പതിവായി ഇംഗ്ലീഷ് ടീമിനായി കളിക്കുന്ന താരമാണ്. എന്നാലിപ്പോള്‍ താരത്തിന്റെ സഹോദരി ലോറന്‍ ജെയിംസിനും ഇംഗ്ലണ്ട് ദേശീയ സീനിയര്‍ ടീമില്‍ ഇടം ലഭിച്ചിരിക്കുകയാണ്.

വനിതാ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ലോറന്‍ ജെയിംസിന് ദേശീയ ടീമിലേക്കുള്ള ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് സഹോദര-സഹോദരികള്‍ സീനിയര്‍ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാകുന്നത്.

മുമ്പ് അണ്ടര്‍ 19 ലെവല്‍ വരെ എത്തിയ ലോറന്‍ ഇംഗ്ലീഷ് വനിതാ ടീമിലെ മുന്‍നിര പ്രതിഭകളില്‍ ഒരാളാണ്. എന്നാല്‍ 2020 മുതല്‍ ഫിറ്റ്നസ് പ്രശ്നങ്ങള്‍ അവരെ ബാധിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ടീമിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല.

2023ലെ വനിതാ ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഓസ്ട്രിയക്കെതിരായ അവസാന 11 മിനിറ്റിലാണ് ലോറന്‍ കളത്തിലെത്തിയത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഓസ്ട്രിയയെ പരാജയപ്പെടുത്തുകയും ചെയ്തു.

‘ചരിത്രം സൃഷ്ടിക്കുന്നു, അഭിമാനിക്കുന്നു,’ എന്നാണ് റീസ് ജെയിംസ് വിഷയത്തില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.