എന്തുകൊണ്ട് കേരളത്തില്‍ മാത്രം തെരുവ് നായ പ്രശ്‌നം ഇത്ര രൂക്ഷമാകുന്നുവെന്ന് സുപ്രീംകോടതി
Daily News
എന്തുകൊണ്ട് കേരളത്തില്‍ മാത്രം തെരുവ് നായ പ്രശ്‌നം ഇത്ര രൂക്ഷമാകുന്നുവെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th October 2016, 6:59 pm

കേരളത്തിലെ തെരുവ് നായ ശല്യത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി.


ന്യൂദല്‍ഹി: കേരളത്തില്‍ മാത്രം തെരുവ് നായ പ്രശ്‌നം  ഇത്ര രൂക്ഷമാകാന്‍ കാരണമെന്തെന്ന് സുപ്രീം കോടതി. തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ കടിയേല്‍ക്കുന്നവര്‍ക്ക് മുഴുവന്‍ നഷ്ടപരിഹാരം നല്‍കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇതിനകം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേസിലെ എല്ലാ കക്ഷികള്‍ക്കും കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.

കേരളത്തിലെ തെരുവ് നായ ശല്യത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി.

സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം കുറയ്ക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി വേണമെന്നാണ് ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വന്ധ്യംകരണത്തിലൂടെ മാത്രം തെരുവ് നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണാന്‍ ആകില്ല. വന്ധ്യംകരണം കൊണ്ട് നായ്ക്കളുടെ എണ്ണം കുറക്കാന്‍ ചുരുങ്ങിയത് നാല് വര്‍ഷമെങ്കിലുമെടുക്കുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ തെരുവ് നായകളെ കൊല്ലാന്‍ ജനങ്ങള്‍ നിയമം കയ്യില്‍ എടുക്കും. സമീപകാല സര്‍വ്വേ പ്രകാരം 85% പേരും നായ്ക്കളെ ഉടന്‍ കൊല്ലണമെന്ന അഭിപ്രായക്കാരാണ്. ആക്രമണം വര്‍ദ്ധിച്ചതോടെ ജനങ്ങള്‍തന്നെ പരസ്യമായി തെരുവ് നായ്ക്കളെ കൊല്ലുന്ന സ്ഥിതി സംസ്ഥാനത്ത് പലയിടത്തും ഉണ്ടെന്നും ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ തെരുവുനായ ശല്യം സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കോടതി ഇന്ന് പരിഗണിച്ചത്.

സംസ്ഥാനത്ത് 3 ലക്ഷത്തിനടുത്ത് തെരുവ് നായ്ക്കളുണ്ടെന്നാണ് ഏകദേശ കണക്ക്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ വന്ധ്യംകരിച്ചത് 4384 നായകളെ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കടിയേറ്റവര്‍ക്ക് നല്‍കുന്ന ആന്റി റാബിസ് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്നും പേവിഷ പ്രതിരോധചികിത്സയ്ക്ക് വന്‍ തുകയാണ് സ്വകാര്യ ആസ്പത്രികള്‍ ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

നായകടിയേറ്റ അറുപതോളം പേര്‍ നഷ്ടപരിഹാരം തേടി സമിതിക്ക് മുന്‍പിലെത്തിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാത്ത കാരണം അവരുടെ ആവശ്യം പരിഗണിക്കാന്‍ സാധിച്ചില്ലെന്ന കുറ്റപ്പെടുത്തലും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലെ പല വിവരങ്ങളും തെറ്റാണെന്ന പരാതിയുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. വന്ധ്യംകരണം നടത്തിയ നായകളുടെ കണക്കില്‍ തെറ്റുണ്ടെന്നും, കടിയേറ്റവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന പതിവില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം തങ്ങള്‍ക്ക് ലഭിച്ച മറുപടിയില്‍ ആരോഗ്യവകുപ്പ് പറയുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.