സര്‍ക്കാര്‍ അനുമതി വൈകുന്നു; പ്രവര്‍ത്തനരഹിതമായി കോഴിക്കോട്ടെ എ.ബി.സി സെന്റര്‍
Governance and corruption
സര്‍ക്കാര്‍ അനുമതി വൈകുന്നു; പ്രവര്‍ത്തനരഹിതമായി കോഴിക്കോട്ടെ എ.ബി.സി സെന്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th September 2018, 2:23 pm

തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യമാണ് സംസ്ഥാനത്ത് ഉടനീളം. എന്നാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളുള്ളത് കോഴിക്കോട് കോര്‍പ്പറേഷനിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും പ്രതിരോധ നടപടികള്‍ ഇപ്പോഴും ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.

ഏകദേശം 20000 നായ്ക്കളാണ് നഗരത്തില്‍ അലഞ്ഞു തിരിയുന്നത്. നിലവില്‍ കോര്‍പ്പറേഷനിലെ നായ്ക്കളുടെ എണ്ണം ഇതിന്റെ ഇരട്ടിവരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന അപകടകാരികളായ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച പദ്ധതിയാണ് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം. തെരുവ് നായ്ക്കളെ കണ്ടെത്തി വന്ധ്യംകരിച്ച് തെരുവ്‌നായ ശല്യം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് കോഴിക്കോട് പൂളക്കടവിന് അടുത്ത് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍ തുടങ്ങുന്നത്.

കേരളം മറന്നു കളഞ്ഞ ആ കേസുകള്‍ക്ക് സംഭവിച്ചത്

എന്നാല്‍ ഇപ്പോള്‍ ഇതിനുള്ള കെട്ടിടം തയ്യാറായിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാതെ സര്‍ക്കാരിന്റെ അവഗണനയിലാണ് ഈ പദ്ധതി നീങ്ങുന്നത്. ജീവനക്കാരെ നിയമിക്കാനുള്ള അംഗീകാരം, സ്ഥാപനത്തിന് ആവശ്യമായ വാഹനം എന്നിവയ്ക്കാവശ്യമായ സര്‍ക്കാര്‍ അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തത് കാരണം പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്.

രണ്ട് കോടി രൂപ ചെലവിട്ടാണ് നഗരസഭാ പരിധിയില്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചാണ് സ്ഥാപനത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.

 

ആധുനിക സംവിധാനങ്ങളോടെയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ജറികള്‍ക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തില്‍ 400 ഓളം സര്‍ജറികള്‍ ചെയ്യാനുള്ള സൗകര്യം പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിനുള്ളില്‍ സജ്ജീകരിച്ചിരിക്കുകയാണ്.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജൈവ മാലിന്യങ്ങള്‍, നായ്ക്കളെ കുളിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍, കെട്ടിടത്തിന്റെ ഇലക്ട്രിക് ജോലികള്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.

 

14 കാരിയെ പീഡിപ്പിച്ച കേസ്; കെ.എം.സി.സി നേതാവിനെയും ഭാര്യയേയും അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

സ്ഥാപനത്തിന് ആവശ്യമായ ഡോക്ടര്‍മാര്‍, അറ്റന്‍ഡര്‍മാര്‍, തൂപ്പ് ജോലിക്കാര്‍ എന്നിവയെ അത്യാവശ്യമായി നിയമിക്കേണ്ടിയിരിക്കുന്നു.എന്നാല്‍ ഇതിനുള്ള ഉത്തരവ് സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തത് കാരണം നിയമനം അനിശ്ചിതത്വത്തിലാണ്. അക്കാര്യത്തില്‍ തീരുമാനമാകാത്തതിനാലാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം നീണ്ടുപോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമനത്തില്‍ വീണ്ടും തടസ്സങ്ങള്‍ ഉണ്ടാകാനുള്ള പ്രധാനകാരണം ഇവര്‍ക്കുള്ള ശമ്പളത്തിന്റെ കാര്യത്തില്‍ ചില സാങ്കേതിക തടസ്സങ്ങള്‍ നിലനില്‍ക്കുന്നുവെന്നതാണ്. ശമ്പളം നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് മാറ്റി പ്ലാന്‍ ഫണ്ടില്‍ നിന്ന് ആക്കണമെന്ന ഭേദഗതി അംഗീകരിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ മാത്രമേ ഈ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരങ്ങള്‍ ലഭിക്കുകയുള്ളു.

 

Image result for അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍

തെരുവ് നായ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസം ജീവനം അതിജീവനം എന്നപേരില്‍ നഗരസഭാ ഒരു ബോധവല്‍ക്കരണപരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയോടനുബന്ധിച്ചാണ് എ.ബി.സി സെന്ററിന്റെ ഉദ്ഘാടനം നടന്നത്.

എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം ആറു മാസം പിന്നിട്ടിട്ടും ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനത്തിനായി സര്‍ക്കാരിന്റെ ഉത്തരവും കാത്ത് കോഴിക്കോട് നഗരസഭാ പരിധിക്കുള്ളില്‍ ഒരു എബിസി സെന്റര്‍ നിലനില്‍ക്കുന്നത്.

മാലിന്യ പ്ലാന്റുകളില്‍ നിന്ന് വൈദ്യുതി; പദ്ധതിയില്‍ വന്‍ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ടുകള്‍

അതേസമയം കൃത്യമായ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാല്‍ തന്നെ ഘട്ടം ഘട്ടമായി മാത്രമേ ജില്ലയിലെ തെരുവ്‌നായ ശല്യം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളു.

ജില്ലയിലെ തെരുവുനായ്ക്കളെ മുഴുവന്‍ വന്ധ്യംകരണം ചെയ്യുന്നതിന് ഏകദേശം പത്ത് വര്‍ഷം വേണ്ടിവരുമെന്നാണ് ഏകദേശ കണക്കുകള്‍. സംസ്ഥാനത്ത് ഉടനീളം എബിസി സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ സ്ഥാപിച്ച സെന്ററില്‍ നിന്ന് മാത്രം വന്ധ്യംകരിച്ചത് 200 നായ്ക്കളെയാണ്.

അതേസമയം കോഴിക്കോട് ജില്ലയുടെ കാര്യത്തില്‍ തെരുവ്‌നായ ശല്യം വര്‍ധിക്കാനുള്ള പ്രധാന വസ്തുതകളിലൊന്ന് മാലിന്യ പ്രശ്‌നമാണ്. ജില്ലയിലെ മാലിന്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ തെരുവ് നായശല്യം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഇതു സംബന്ധിച്ച സര്‍വ്വേകള്‍ നിര്‍ദ്ദേശിക്കുന്നത്.