ന്യൂദല്‍ഹി: ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷിവോമിയുടെ റെഡ്മി വൈ 2 മോഡല്‍ ഫോണ്‍ ഇന്ത്യയില്‍ നാളെ പുറത്തിറങ്ങും. ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ വഴിയാണ് വില്‍പ്പന നടത്തുക. നാളെ 12 മണിക്ക് വില്‍പ്പന ആരംഭിക്കും.
5.99 ഇഞ്ചാണ് റെഡ്മി വൈ 2വിന്റെ സ്‌ക്രീന്‍ വലിപ്പം മുന്‍ ഫോണുകളായ റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നിവ വമ്പന്‍ ഹിറ്റുകളായ സാഹചര്യത്തില്‍ ഫോണ്‍ വലിപ്പം കുറയ്ക്കാന്‍ ഷിവോമിയുടെ ഭാഗത്ത് നിന്ന് നീക്കങ്ങളൊന്നുമില്ല.
സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസര്‍ ആണ് ഫോണിന് കരുത്ത് പകരുക. മുന്‍ ഫോണ്‍ മോഡലുകളില്‍ മികച്ച പ്രകടനവും, മികച്ച ബാറ്ററി ദൈര്‍ഘ്യവും പകര്‍ന്ന പ്രോസസര്‍ ആണിത്. അതുകൊണ്ട് തന്നെ മറ്റ് ഫോണുകളുടെ അതേ നിലവാരത്തിലുള്ള പ്രകടനം വൈ 2 വിലും പ്രതീക്ഷിക്കാം.
ഇരട്ട ക്യാമറ സംവിധാനമാണ് വൈ 2വില്‍ ഉള്ളത്. 12 എം.പിയുടെ ഒരു ക്യാമറയും, പശ്ചാത്തലം ബ്‌ളര്‍ ചെയ്ത് ബൊക്കെ ഫോട്ടോകള്‍ എടുക്കുന്നതിനായി 5 എം.പിയുടെ ക്യാമറ ലെന്‍സുമാണ് ഫോണിലുള്ളത്. സെല്‍ഫികള്‍ പകര്‍ത്തുന്നതിനും, വീഡിയോ കോളുകള്‍ക്കുമായി 15 എം.പിയുടെ മുന്‍ ക്യാമറയും ഫോണിലുണ്ട്.
ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ ഓറിയോ ആണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ള ഓപറേറ്റിങ്ങ് സിസ്റ്റം. എന്നാല്‍ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ബാറ്ററിയുടെ ശക്തി 3080 മില്ലി ആമ്പിയര്‍ മാത്രമാണ്. നേരത്തെ പുറത്തിറങ്ങിയ നോട്ട് 5 മോഡലില്‍ 4000 മില്ലി ആമ്പിയര്‍ ബാറ്ററി ശക്തി ഉണ്ടായിരുന്നു.
3 ജി ബി റാമും 32 ജി ബി ഇന്റേണല്‍ മെമ്മറിയുള്ള മോഡലിന് 9,999 രൂപയാണ് വില. 4 ജി ബി മോഡലിന് 12,999 രൂപ വിലയുണ്ട്. ഹുവായിയുടെ ഹോണര്‍ ആയിരിക്കും വിപണിയില്‍ ഫോണിന്റെ പ്രധാന എതിരാളി. കൂടുതല്‍ മികച്ച ക്യാമറ ഉള്ളത് കൊണ്ട് ഹുവായിയെ മറികടക്കാന്‍ വൈ 2വിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.