മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനര്‍വികസനം സാധ്യമാക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ധാരാവി പുനര്‍വികസന അതോറിറ്റി. ഗൗതം അദാനിക്കാണ് പുനരധിവാസത്തിനുള്ള നേത്യത്വം. എന്നാല്‍ പുനരധിവാസത്തിനായി സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതില്‍ പ്രയാസം നേരിടുന്നുണ്ടെന്നാണ് ധാരാവി പുനരധിവാസ അതോറിറ്റിയുടെ റിപ്പോര്‍ട്ട്.
240 ഹെക്ടറോളം വലിപ്പമുള്ള ചേരിയില്‍ അഴുക്കുചാലുകളും ടോയ്‌ലെറ്റുകളുമുള്‍പ്പെടെ മോശം ജീവിതസാഹചര്യമാണ് നിലവില്‍. മുംബൈ വിമാനത്താവളത്തിനടുത്തുള്ള ഈ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയുടെ വികസന സാധ്യത മെച്ചപ്പെടുകയുള്ളൂവെന്നും പുനരധിവാസ റിപ്പോര്‍ട്ടില്‍ പറയുന്നു.
619 മില്ല്യണ്‍ ഡോളര്‍ ചെലവിട്ടാണ് അദാനി ഗ്രൂപ്പ് 240 ഹെക്ടര്‍ ചേരിയെ ആധുനിക നഗരമാക്കാന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് അദാനി ഗ്രൂപ്പ് ധാരാവിയുടെ പുനര്‍നിര്‍മാണം ഏറ്റെടുത്തത്.
എന്നാല്‍ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വെല്ലുവിളികള്‍ ഉയരുന്നുണ്ട്. 2000ന് മുമ്പ് ധാരാവിയില്‍ താമസിച്ചിരുന്നവര്‍ക്ക് മാത്രമേ സൗജന്യ വീടിന് അര്‍ഹതയുള്ളൂവെന്നാണ് ധാരാവി പുനര്‍വികസന അതോറിറ്റി ഉദ്യോഗസ്ഥന്‍ എസ്.വി.ആര്‍ ശ്രീനിവാസ് പറയുന്നത്. എന്നാല്‍ ഇതനുസരിച്ച് എഴുപതിനായിരത്തോളം ആളുകള്‍ക്ക് പുനരധിവാസത്തിന് അര്‍ഹത നഷ്ടപ്പടുമെന്നുമാണ് റിപ്പോര്‍ട്ട്.
ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ലക്ഷം ആളുകളെ പുനരധിവസിപ്പിക്കാനുള്ള പ്രൊജക്ട് വൈകുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ പുനര്‍വികസന പദ്ധതിക്കെതിരെ ഹിന്റന്‍ബര്‍ഗ് റിസര്‍ച്ച് ബിസിനസ് ദുരുപയോഗം ആരോപിച്ചതിനാല്‍ ധാരാവിയുടെ പുനരധിവാസം സാധ്യമാക്കേണ്ടത് അദാനിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
എന്നാല്‍ പുനരധിവാസപദ്ധതി ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കരാര്‍ അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പ് പ്രതിഷേധങ്ങളെ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.
ഭാവിയില്‍ ഈ പ്രദേശം കോടീശ്വരന്മാരെ സൃഷ്ടിക്കുമെന്നാണ് അദാനി വാദിക്കുന്നത്. എന്നാല്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അയച്ച മെയിലുകള്‍ക്കൊന്നും അദാനി ഗ്രൂപ്പ് പതികരിച്ചിട്ടില്ലെന്നാണ് പുനരധിവാസ അതോറിറ്റി പറയുന്നത്.
Content highlight: redevelopment of dharavi; officials say challenges in land aquisition