സാന്‍ഫ്രാന്‍സിസ്‌കോ: ”ഞാന്‍ ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയാണ്, എന്റെ കുടുംബത്തിന് വേണ്ടിയാണ്, എന്റെ രാജ്യത്തിന് വേണ്ടിയാണ്. ഇത് വളരെ മുന്നേ ഞാന്‍ ചെയ്യേണ്ടതായിരുന്നു” റെഡ്ഡിറ്റ് സഹസ്ഥാപകനും ടെന്നീസ് താരം സെറീന വില്യംസിന്റെ ഭര്‍ത്താവുമായ അലക്സിസ് ഒഹേനിയന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണിത്.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഒഹേനിയന്റെ രാജി പ്രഖ്യാനം.
കറുത്തവംശജര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഒഹേനിയന്റെ രാജി. തന്റെ പദവി ഒരു കറുത്ത വംശജന് നല്‍കണമെന്ന് ഒഹേനിയന്‍ ആവശ്യപ്പെട്ടു.
” എന്റെ കറുത്തമകള്‍ ‘നിങ്ങളെന്തു ചെയ്തു’ എന്ന് ചോദിക്കുമ്പോള്‍ ഉത്തരം നല്‍കേണ്ട ഒരു പിതാവെന്ന നിലയിലാണ് ഞാനിത് പറയുന്നത്,” രാജി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ സ്ഥാപനത്തിലെ തന്റെ ഓഹരിയില്‍ നിന്നുള്ള നേട്ടം കറുത്ത വിഭാഗക്കാരെ സേവിക്കാന്‍ ഉപയോഗിക്കുമെന്നും മുന്‍ നാഷണല്‍ ഫുട്ബോള്‍ ലീഗ് താരം കോളിന്‍ കെപെര്‍നികിന്റെ ‘നോ യുവര്‍ റൈറ്റ്സ് ക്യാമ്പിന് 10 ലക്ഷം ഡോളര്‍ സംഭവാന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തകര്‍ന്നുകിടക്കുന്ന രാജ്യത്തെ ചേര്‍ത്തുവെക്കാനുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഹേനിയന്റെ തീരുമാനത്തെ മാനിക്കുന്നതായി റെഡ്ഡിറ്റ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് ഹഫ്മാന്‍ പറഞ്ഞു.