|

ദളിത് അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നോക്കുകുത്തിയായി പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമം; കേസിലെ വാദികളെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്

ഗോപിക

ദളിത് അതിക്രമങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമത്തിലെ അപാകതകളും കാര്യക്ഷമതയില്ലാത്ത പ്രവര്‍ത്തന നടപടികളും ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ്ഗ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയാനുള്ള നിയമമനുസരിച്ച് നിലവില്‍ കോടതിയിലെത്തുന്ന കേസുകളില്‍ ഭൂരിഭാഗവും തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയാണ്. ആക്രമിക്കപ്പട്ടവരും സാക്ഷികളുമായ ദളിതരെ പ്രതികള്‍ ഭീക്ഷണിപ്പെടുത്തുകയും ചില സാഹചര്യങ്ങളില്‍ പണം നല്‍കി സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. അതുമാത്രമല്ല കേസില്‍ വാദിക്കള്‍ക്കായി എത്തുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇവര്‍ക്കനുകൂലമായി വാദിക്കുന്നില്ല. പലപ്പോഴും ഭീഷണിയും നിയമജ്ഞരുടെ അലംഭാവവും കാരണം സാക്ഷികള്‍ മൊഴിമാറ്റി പറയുകയും വാദികള്‍ കേസില്‍ നിന്ന് പിന്‍മാറുന്ന സാഹചര്യവും ഉണ്ടാകുന്നതായി മുഖ്യമന്ത്രിക്ക് എ.ഡി.ജി.പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതുമല്ലെങ്കില്‍ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്താറുണ്ട്. ഇതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദളിത് കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ വളരെ ചുരുക്കമാണ്. കോടതികളില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുന്ന പ്രതികള്‍ക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എ.ഡി.ജി.പി എസ്.ആനന്ദകൃഷ്്ണന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍.

പട്ടികവര്‍ഗ്ഗ-പട്ടികജാതി നിയമപ്രകാരം ഓരോ ജില്ലകളിലും കളക്ടറുടെ നേതൃത്വത്തില്‍ ആദിവാസി-ദളിത് കേസുകള്‍ തീര്‍പ്പാക്കുന്നതിന് പ്രതിവര്‍ഷം നാലു യോഗങ്ങള്‍ നടത്തണമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍ 2016 ന് ശേഷമുള്ള കണക്കുപ്രകാരം ഈ മോണിറ്ററി യോഗങ്ങള്‍ വെറും 9 ജില്ലകളില്‍ മാത്രമേ നടന്നിട്ടുള്ളു. ആദിവാസി ജനസംഖ്യ കൂടുതലുള്ള വയനാട്, മലപ്പുറം, കാസര്‍ഗോഡ്, തുടങ്ങിയ ജില്ലകളില്‍ ഇതുവരെ യോഗങ്ങള്‍ നടന്നിട്ടില്ല. ഇതെല്ലാം പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അട്ടപ്പാടിയില്‍ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ നിന്ന് തന്നെ സമൂഹം ദളിത് വിഷയങ്ങളോട് കാണിക്കുന്ന മനോഭാവത്തെപ്പറ്റി മനസ്സിലാക്കാന്‍ കഴിയുന്നതാണന്നാണ് മാധ്യമപ്രവര്‍ത്തകനായ ആര്‍ സുനില്‍ അഭിപ്രായപ്പെട്ടത്. ആദിവാസി വിഷയങ്ങളോട് പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ തന്നെ ഇതിനുദാഹരണമാണ്. ആദിവാസി വിഷയങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാനോ, മൊഴി രേഖപ്പടുത്താനോ, അതോടൊപ്പം എഫ്.ഐ.ആര്‍ രേഖപ്പെടുത്താനോ നിലവിലെ പൊലീസ് സംവിധാനങ്ങള്‍ ശ്രമിക്കുന്നില്ലെന്നും സുനില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“കേസില്‍ സാമ്പത്തികമായി മുന്നോട്ട് പോകാന്‍ കഴിയാത്ത ഇവര്‍ക്കുവേണ്ടി ഒരുക്കിയ സംവിധാനമായ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ വേണ്ടരീതിയില്‍ കേസുകള്‍ നിയമത്തിനു മുന്നിലെത്തിക്കുന്നതില്‍ പരാജയപ്പെടുന്നു. കേസുകളുടെ കാലാവധി പരമാവധി നീട്ടിക്കൊണ്ടുപോകുകയും പ്രതികള്‍ക്ക് ഇവരെ സ്വാധീനിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നതിലൂടെ കേസുകള്‍ മതിയായ രീതിയില്‍ നിയമപരിരക്ഷ ലഭിക്കാതെ വരികയും ചെയ്യുന്നു. ”

അട്ടപ്പാടിയില്‍ ആദിവാസി വിഷയങ്ങളോടുള്ള അവഗണനയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടാണ് എന്നതാണ് മറ്റൊരു പ്രധാന വസ്തുത. അട്ടപ്പാടിയില്‍ അനധികൃതമായി ഭൂമി കൈയ്യേറിയവരുടെ പട്ടികനോക്കുയാണെങ്കില്‍ അവയില്‍ ഭൂരിഭാഗം പേരും എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളായിരിക്കും. അല്ലെങ്കില്‍ രാഷ്ട്രീയ നേതാക്കളുടെ ബിനാമി ഇടപാടുകളില്‍ കൈയ്യേറിയവയായിരിക്കും ഭൂരിഭാഗം ഭൂമിയെന്നുമാണ് മാധ്യമപ്രവര്‍ത്തകനായ ആര്‍.സുനില്‍ അഭിപ്രായപ്പെട്ടത്. ഒരേസമയം രജിസ്ട്രാര്‍ ഓഫീസിലും വില്ലേജ് ഓഫിസിലും രേഖകള്‍ കൈമാറ്റം ചെയ്യാന്‍ ഈ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ സഹായിക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

വില്ലേജ് ഓഫീസുകളില്‍ നിന്ന് മരണപ്പെടുന്ന ആദിവാസികളുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് അവരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിപ്പും പലതരത്തിലുള്ള ക്രമക്കേടുകളും അട്ടപ്പാടി അടക്കമുള്ള ആദിവാസി ജനസംഖ്യ കൂടുതലുള്ള ജില്ലകളില്‍ വ്യാപകമാണ്. അവര്‍ക്ക് ്അനുവദിക്കുന്ന ഫണ്ടുകള്‍ വരെ വകമാറ്റി ചെലവാക്കി ദളിത്-ആദിവാസി വിഭാഗത്തെ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്ന രീതി നിലവിലുണ്ട്. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയാന്‍ കൊണ്ടുവന്ന നിയമത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഈ നിയമത്തെ വേണ്ടത്ര രീതിയില്‍ പരിഗണിക്കാനോ ആദിവാസികള്‍ക്കും ദളിതര്‍ക്കും അനുകൂലമായ രീതിയില്‍ പ്രയോഗിക്കാനോ അധികാരികള്‍ ശ്രമിക്കുന്നില്ലെന്നും രാഷ്ട്രീയ കക്ഷികളും വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്നുമാണ് സുനില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

അതേസമയം ഇപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കോടതികളില്‍ ദളിത്-ആദിവാസി വിഷയങ്ങള്‍ കെട്ടിക്കിടക്കുന്നുവെന്നും ഇത് പരിഹരിക്കാന്‍ സ്‌പെഷ്യല്‍ കോടതികളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാത്രമല്ല മറ്റ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡുകളുടെ പൂര്‍ണ്ണ നിയന്ത്രണം സ്വതന്ത്ര ചുമതലയുള്ള ഡി.വൈ.എസ്.പിമാരെ ഏല്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇവ കുറ്റമറ്റ രീതിയില്‍ ഇതുവരെയും പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ പട്ടികവര്‍ഗ്ഗ-പട്ടികജാതി അതിക്രമത്തിനെതിരെയുള്ള നിയമത്തിന്റെ ഭാവി അനിശ്ചിത്വത്തിലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

Video Stories