| Tuesday, 16th January 2024, 6:39 pm

ചെങ്കടലിലെ സംഘർഷത്തിൽ പ്രശ്ന പരിഹാരം അസാധ്യം; യു.എൻ സെക്രട്ടറി ജനറൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക് : മിഡിൽ ഈസ്റ്റിൽ നിലവിൽ തുടരുന്ന പ്രതിസന്ധിയിൽ ആശങ്കയറിയിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. തിങ്കളാഴ്ച ന്യൂയോർക്കിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.

ഇസ്‌റഈൽ-ഹമാസ് തർക്കം സൃഷ്‌ടിച്ച പ്രതിസന്ധിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ഗസയിലെ ഉയർന്ന മരണസംഖ്യ ഇസ്രഈലിന്റെ നടപടികൾക്ക് എതിരെ അന്താരാഷ്ട്രതലത്തിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. കൂടാതെ ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂത്തികളും ഇതിനകം തന്നെ സംഘർഷത്തിൽ ഇടപ്പെട്ടിട്ടുണ്ട്.

ചെങ്കടലിൽ നിലവിൽ നടക്കുന്ന സംഘർഷം പ്രാധാന്യമർഹിക്കുന്നു. അത് ഉടൻ നിയന്ത്രണ വിധേയമാക്കൽ അസാധ്യമായിരിക്കും. ഇസ്രഈലിനും ലെബനനുമിടയിലുള്ള പ്രശ്നം പ്രാദേശിക സ്ഥിരതയെ പ്രതികൂലമായി ബാധിച്ച് കഴിഞ്ഞിരിക്കുന്നു,’ ഗുട്ടറസ് പറഞ്ഞു.

ഹമാസിന്റെ നടപടികളെ സെക്രട്ടറി ജനറൽ അപലപിച്ചെങ്കിലും ഇസ്രഈലിന്റെ നടപടി ഫലസ്തീൻ ജനതക്ക് മേൽ നടത്തിയ കൂട്ടായ ശിക്ഷ” ആണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഒരുപാട് പൗരന്മാർക്ക് ജീവൻ നഷ്ടമായി.

ഗസയിലെ ഉപരോധം പിൻവലിക്കുന്നതുവരെ ചെങ്കടലിൽ ഇസ്രഈലും യു.എസുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്ന് കഴിഞ്ഞ ആഴ്ച ഹൂത്തികൾ പ്രതിജ്ഞയെടുത്തിരുന്നു. ഈ മേഖലയിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനായി യു.എസ് കഴിഞ്ഞ മാസം ആരംഭിച്ച ബഹുരാഷ്ട്ര സേനയുടെ ഭാഗമായ ബ്രിട്ടീഷ്, അമേരിക്കൻ യുദ്ധക്കപ്പലുകളും ഹൂത്തികൾ ലക്ഷ്യമിടുന്നുണ്ട്.

യു.എസിന്റെയും യു.കെയുടെയും യുദ്ധവിമാനങ്ങൾ ജനുവരി 11 ,12 ദിവസങ്ങളിലായി യെമനിലെ ഹൂത്തികളുടെ കേന്ദ്രങ്ങളിൽ 70 ഓളം വ്യോമാക്രമണങ്ങൾ നടത്തി. അമേരിക്കൻ ദേശീയ സുരക്ഷാ വക്താവായ ജോൺ കിർബി, ആക്രമണങ്ങൾ പ്രതീക്ഷിച്ച ഫലമുണ്ടാക്കിയെന്ന് പ്രസ്താവിച്ചപ്പോൾ, ഉദ്ദേശിച്ച ഫലമുണ്ടാക്കാൻ കഴിഞ്ഞില്ല എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.

യെമനിലെ ആക്രമണങ്ങളെ അപലപിച്ച റഷ്യ അത് യു.എൻ ചാർട്ടറിന്റെ ലംഘനമാണെന്നും നിയമവിരുദ്ധമാണെന്നും പറഞ്ഞു.

Content Highlight: Red Sea tensions may become ‘impossible to contain’ – UN

We use cookies to give you the best possible experience. Learn more