| Saturday, 20th January 2024, 9:17 pm

ചെങ്കടലിലെ സംഘർഷം; ആഗോള വിതരണ ശൃംഖലയിൽ കൊവിഡിനേക്കാൾ നഷ്ടമുണ്ടാക്കിയെന്ന് സീ ഇന്റലിജൻസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ആഗോള വിതരണ ശൃംഖലയിൽ കൊവിഡ് മഹാമാരി ഉണ്ടാക്കിയ നഷ്ടത്തെക്കാൾ വലിയ ആഘാതമാണ് ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണം മൂലമുള്ള പ്രതിസന്ധി ഉണ്ടാക്കുന്നതെന്ന് നാവിക ഉപദേശക സ്ഥാപനം സീ ഇന്റലിജൻസ്.

കഴിഞ്ഞ കുറേ വർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കപ്പലുകൾ ലക്ഷ്യസ്ഥാനത്തെത്താൻ കാലതാമസം നേരിടുന്നുവെന്ന് സീ ഇന്റലിജൻസ് വിലയിരുത്തി.

തുറമുഖങ്ങളിലെ ചരക്കുകൾ എടുക്കാൻ ചെങ്കടലിൽ നിന്ന് ദിശ മാറി ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി സഞ്ചരിക്കുന്നത് കൊവിഡ് സമയത്ത് നേരിട്ടതിനേക്കാൾ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് സീ ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു.

മാർച്ച്‌ 2021ന് സൂയസ് കനാലിൽ എവർ ഗിവൺ എന്ന ചരക്കുകപ്പൽ ആറ് ദിവസത്തോളം കുടുങ്ങികിടന്നതായിരുന്നു ഇതിന് മുമ്പുണ്ടായ വലിയ പ്രതിസന്ധി. അന്ന് നൂറോളം കപ്പലുകൾ മൂറിങ്ങിൽ കുടുങ്ങിക്കിടന്നു. ആഗോള വ്യാപാരത്തിൽ ഓരോ ദിവസവും ഒമ്പത് ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുകയും ചെയ്തു.

സീ ഇന്റലിജൻസ്, സി.എൻ.ബി.സി തുടങ്ങിയ നാവിക സംഘടനകളുടെ കണക്കുകൾ പ്രകാരം ലോകത്തെ പത്ത് ശതമാനം കപ്പലുകൾ ഇപ്പോൾ സർവീസ് നടത്തുന്നില്ല.

കൂടുതൽ കപ്പലുകൾ അയച്ചാൽ നിലവിലെ കപ്പൽ ദൗർലഭ്യം കുറക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.

ചെങ്കടലിൽ ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെ ഹൂത്തികൾ ആക്രമിക്കുന്ന പശ്ചാത്തലത്തിൽ ആഗോള കപ്പൽ ഭീമന്മാരായ മേഴ്സ്ക് ഉൾപ്പെടെ നിരവധി കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര നിർത്തിവെച്ചിരുന്നു.

CONTENT HIGHLIGHT: Red Sea crisis worse for global supply chain than pandemic – maritime firm

Latest Stories

We use cookies to give you the best possible experience. Learn more