| Friday, 26th January 2024, 4:45 pm

ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണം; യു.കെയിൽ ഉത്പാദന മേഖല കൂപ്പുകുത്തുന്നു, വിലക്കയറ്റ ഭീഷണിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണം യു.കെയിലെ ഉത്പാദന വിതരണ ശൃംഖലയെയും ബാധിക്കുന്നുവെന്ന് റിപ്പോർട്ട്. യു.കെയിലെ ഫാക്ടറികളിലെ നിർമാണത്തെ സൂചിപ്പിക്കുന്ന യു.കെ മാനുഫാക്ചറിങ് ഔട്ട്പുട്ട് സൂചിക കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് അനദോലു ഏജൻസി റിപ്പോർട്ട് ചെയ്തു.

എസ്&പി ഗ്ലോബലിൽ നിന്നുള്ള ഡാറ്റ പ്രകാരം ഉത്പാദനത്തിന്റെ ഔട്ട്പുട്ട് സൂചിക 44.9 ആണ്. 50ന് താഴെയുള്ള സൂചിക ഉത്പാദനത്തിലെ കുറവിനെയാണ് സൂചിപ്പിക്കുന്നത്.

ചെങ്കടലിലെ പ്രതിസന്ധിയാണ് ഡെലിവറികൾക്ക് കാലതാമസം ഉണ്ടാകാൻ കാരണമെന്ന് 80 ശതമാനം സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്യുന്നുവെന്നും അനദോലുവിന്റെ റിപ്പോർട്ടിൽ പറയുന്നു.

ചെങ്കടലിൽ ഹൂത്തികളുടെ ആക്രമണം രൂക്ഷമായതോടെ ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് ചരക്കുകൾ എത്തിക്കുവാൻ സൂയസ് കനാലിന് പകരം ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്‌ വഴി ചുറ്റിയാണ് കപ്പലുകൾ സഞ്ചരിക്കുന്നത്.

ഇത് യാത്ര വൈകിപ്പിക്കുന്നതും ചെലവേറിയതുമാണ്. 10 ദിവസത്തോളം വൈകിയാണ് ഡെലിവറി നടക്കുന്നതെന്നും ഏറ്റവും കാലതാമസം നേരിടുന്നത് ടെക്സ്റ്റൈൽ, വാഹന നിർമാണ മേഖലകളിലാണെന്നും എസ്&പി ഗ്ലോബലിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നുണ്ട്.

സമീപഭാവിയിൽ യു.കെയിലെ വിലക്കയറ്റം മൂന്ന് മുതൽ നാല് ശതമാനം വരെ വർധിക്കുമെന്ന് എസ്&പി ഗ്ലോബൽ പ്രവചിക്കുന്നുണ്ട്.

ഗസയിലെ യുദ്ധം ഇസ്രഈൽ അവസാനിപ്പിക്കുന്നത് വരെ ഇസ്രഈലുമായി ബന്ധമുള്ള കമ്പനികളെ ചെങ്കടലിൽ ആക്രമിക്കുമെന്ന് ഹൂത്തികൾ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ നിരവധി ഷിപ്പിങ് കമ്പനികൾ ചെങ്കടലിലെ യാത്ര നിർത്തിവെച്ചിരുന്നു.

യു.കെയും ബ്രിട്ടനും യെമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ അവരുടെ കപ്പലുകളെയും ഇനി മുതൽ വെറുതെ വിടില്ലെന്ന് ഹൂത്തികൾ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Red Sea crisis impacts UK factories, sparks inflation concerns

We use cookies to give you the best possible experience. Learn more