കര്‍ഷകര്‍ വളഞ്ഞപ്പോള്‍ ട്രാക്ടറില്‍ നിന്ന് ഇറങ്ങി ഓടി നടന്‍ ദീപ് സിദ്ദു; ബൈക്കില്‍ കയറി രക്ഷപ്പെട്ടു
national news
കര്‍ഷകര്‍ വളഞ്ഞപ്പോള്‍ ട്രാക്ടറില്‍ നിന്ന് ഇറങ്ങി ഓടി നടന്‍ ദീപ് സിദ്ദു; ബൈക്കില്‍ കയറി രക്ഷപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th January 2021, 11:12 am

ന്യൂദല്‍ഹി: പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ സിദ്ദുവാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. സിദ്ദു കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കര്‍ഷകര്‍ക്കിടയില്‍ നിന്ന് ഓടി ബൈക്കില്‍ കയറി രക്ഷപ്പെടുന്ന സിദ്ദുവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രതിഷേധത്തില്‍ കടന്നുകൂടി സംഘര്‍ഷമുണ്ടാക്കിയതിനെക്കുറിച്ച് കര്‍ഷകര്‍ സിദ്ദുവിനോട് ചോദിക്കുകയും തുടര്‍ന്ന് ട്രാക്ടറില്‍ നിന്ന് ഇയാള്‍ ഇറങ്ങിപ്പോവുകയും കര്‍ഷകര്‍ പിന്നാലെ പോയപ്പോള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു.

അതേസമയം, റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ ദീപ് സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഗുണ്ടാ നേതാവ് ലക്കാ സാധനേയും പ്രതിചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.

ചെങ്കോട്ടയ്ക്കുള്ളില്‍ കയറിയ പ്രതിഷേധക്കാര്‍ സിഖ് മത പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കര്‍ഷകര്‍ ആരും അത്തരത്തിലുള്ള പ്രവൃത്തി നടത്തിയിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയതാണ്.

ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് ചെങ്കോട്ടയിലേക്ക് കടന്നതെന്നും പതാക ഉയര്‍ത്തിയതെന്നും പറഞ്ഞ കര്‍ഷകര്‍ ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും പറഞ്ഞു.

റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ദല്‍ഹിയിലും ചെങ്കോട്ടയിലും ഐ.ടി.ഒ.യിലും ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ദല്‍ഹി പൊലീസ് കേസെടുത്തത്. ബല്‍ബിര്‍ സിങ്ങ് രാജ്വല്‍, ദര്‍ശന്‍ പാല്‍, രാജേന്ദ്രര്‍ സിങ്ങ്, ഭൂട്ടാ സിങ്, ജോഗീന്ദ്രര്‍ സിങ്ങ് എന്നീ നേതാക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ കര്‍ഷകന്‍ മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് വാദം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Red Fort violence: Video shows angry farmers confronting Deep Sidhu before he flees on a bike – WATCH