ന്യൂദല്‍ഹി: ചെങ്കോട്ട സംഘര്‍ഷത്തില്‍ അറസ്റ്റിലായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദുവിനെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരി 9 നാണ് കേസില്‍ ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടാ സംഘര്‍ഷത്തില്‍ ദീപ് സിദ്ദുവും പ്രതിപ്പട്ടികയിലുള്‍പ്പെട്ടിരുന്നു. സംഘര്‍ഷത്തിന് ശേഷം ഏകദേശം 13 ദിവസത്തോളം ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിരുന്നു. ഒപ്പം ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ദല്‍ഹി പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. കര്‍ഷകര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഏറെ വൈകിയാണ് സിദ്ദുവിനെതിരെ കേസെടുത്തത്. ഗുണ്ടാ നേതാവ് ലക്കാ സാധനേയും പ്രതിചേര്‍ത്തിരുന്നു.
ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് ചെങ്കോട്ടയിലേക്ക് കടന്നതെന്നും പതാക ഉയര്‍ത്തിയതെന്നും ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും കര്‍ഷകര്‍ ആരോപണം ഉന്നയിച്ചിരുന്നു.