ന്യൂദല്‍ഹി: പാകിസ്ഥാന്‍ തീവ്രവാദി മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖിന്റെ ദയാഹരജി തള്ളി പ്രസിഡന്റ് ദ്രൗപതി മുര്‍മു. 24 വര്‍ഷം മുമ്പ് ഡല്‍ഹിയിലെ ചെങ്കോട്ട ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ തീവ്രവാദിയുടെ ദയാഹരജിയാണ് തള്ളിയത്.
2022 ജൂലൈ 25ന് അധികാരമേറ്റ ശേഷം രാഷ്ട്രപതി തള്ളുന്ന രണ്ടാമത്തെ ദയാഹരജിയാണിത്. ക്രൂരവും ഹീനവുമായ കുറ്റകൃത്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന പ്രത്യേക കേസില്‍ കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് മുര്‍മു മറ്റൊരു ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം .
2022 നവംബറില്‍ സുപ്രീം കോടതി മുഹമ്മദ് ആരിഫിന്റെ പുനഃപരിശോധനാ ഹരജി തള്ളുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ ഭീഷണിയാണ് ചെങ്കോട്ട ആക്രമണമെന്ന് 2022ല്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിക്ക് അനുകൂലമായി കേസ് ചുരുക്കുന്നതിനുള്ള സാഹചര്യങ്ങളൊന്നുമില്ലെന്നും കോടതി പറഞ്ഞിരുന്നു.
2000 ഡിസംബര്‍ 22നായിരുന്നു ചെങ്കോട്ട ആക്രമണം. ചെങ്കോട്ടയ്ക്കുള്ളില്‍ നിലയുറപ്പിച്ചിരുന്ന 7 രജ്പുതാന റൈഫിള്‍സ് യൂണിറ്റിലെ മൂന്ന് സൈനികരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടന്നതിന് ശേഷം നാല് ദിവസം കഴിഞ്ഞാണ് മുഹമ്മദ് ആരിഫ് അറസ്റ്റിലാകുന്നത്. അറസ്റ്റിനെ തുടര്‍ന്ന് മുഹമ്മദ് ആരിഫ് പാകിസ്ഥാന്‍ ഭീകരനും ലഷ്‌കര്‍-ഇ-തൊയ്ബ അംഗവുമാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ കോടതി ഇയാളെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു.
ശ്രീനഗറിലെ ഒരു വീട്ടില്‍ വെച്ചാണ് ചെങ്കോട്ട ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത്. മൂന്ന് പേര്‍ കൂടി അക്രമണസംഘത്തില്‍ ഉണ്ടായിരുന്നു. ചെങ്കോട്ടയില്‍ പ്രവേശിച്ച ഭീകരന്‍ മുഹമ്മദ് ആരിഫ് ഒഴികെയുള്ള അബു ഷാദ്, അബു ബിലാല്‍, അബു ഹൈദര്‍ എന്നീ മൂന്ന് തീവ്രവാദികളും പൊലീസുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുകയും ചെയ്തു.
Content Highlight: Red Fort attack: President Murmu rejected mercy plea