കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെങ്കൊടിക്കൊപ്പം; കശ്മീരില്‍ ഇടത് സ്ഥാനാര്‍ത്ഥി യൂസഫ് തരിഗാമി വിജയിച്ചു
national news
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെങ്കൊടിക്കൊപ്പം; കശ്മീരില്‍ ഇടത് സ്ഥാനാര്‍ത്ഥി യൂസഫ് തരിഗാമി വിജയിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2024, 4:30 pm

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് യൂസഫ് തരിഗാമി വിജയിച്ചു. 7873 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജമാഅത്ത് ഇസ്‌ലാമിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അഹമ്മദ് റഷിയെയാണ് തരിഗാമി പരാജയപ്പെടുത്തിയത്. പി.ഡി.പി സ്ഥാനാര്‍ത്ഥി മുഹമ്മദ് അമീന്‍ ദര്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്.

ഇത് അഞ്ചാം തവണയാണ് തരിഗാമി കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്‌. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് ഭാഗമായിട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് തരിഗാമി മത്സരിച്ചത്.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി 1996 മുതല്‍ കുല്‍ഗാമിനെ പ്രതിനിധീകരിക്കുന്നുണ്ട്. 2014ല്‍ ജമ്മു കശ്മീരില്‍ അവസാന തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ നസീര്‍ അഹമ്മദിനെ 20,240 വോട്ടുകള്‍ക്കാണ് അദ്ദേഹം തോല്‍പ്പിച്ചത്.

വിജയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ തരിഗാമി ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്ത ജമാഅത്ത് ഇസ്‌ലാമിയാണ് തനിക്കെതിരെ മത്സരിച്ചതെന്നും എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞെന്നും വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളോട് തന്റെ വിപ്ലാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച തരിഗാമി കേരളം തൊട്ട് കന്യാകുമാരി വരെ ചെങ്കൊടിയുടെ കൂടെയുണ്ടാകുമെന്നും മാധ്യമപ്രവര്‍ത്തകനോട് പ്രതികരിച്ചു.

എന്നാല്‍ ഇത്തവണ തരിഗാമിയുടെ വിജയം അനായാസമായിരിക്കില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ബി.ജെ.പി ജമാഅത്ത് ഇസ്‌ലാമിയുമായി സഖ്യമുണ്ടാക്കിയാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്ന് ആരോപിച്ച തരിഗാമി ഇത് സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാനുള്ള നിഴല്‍ സഖ്യത്തിന്റെ ശ്രമമാണെന്നും ആരോപിച്ചിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ 2019ല്‍ തരിഗാമി മാസങ്ങളോളം വീട്ടുതടങ്കലിലായിരുന്നു. തുടര്‍ന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ദേഹത്തിനെ വീട്ടുതടങ്കലില്‍ കാണാനെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ന്റെ പുനഃസ്ഥാപനത്തിനായി നിരന്തരം സംസാരിച്ചിരുന്ന തരിഗാമി ഇതിന് വേണ്ടി ഒരുമിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ മൂവ്‌മെന്റിന്റെ വക്താവാണ്.

Content Highlight: Red flags fly from Kanyakumari to Kashmir; Left candidate Yusuf candidate won in Kashmir