national news
ചുവന്ന ഡയറിയും മഹാദേവ് ആപ്പും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ആയുധങ്ങള്‍: വിമര്‍ശനവുമായി അശോക് ഗെഹ്‌ലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 23, 08:16 am
Thursday, 23rd November 2023, 1:46 pm

ജയ്‌പൂർ : ചുവന്ന ഡയറിയും, മഹാദേവ് ആപ്പ് കേസും തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ബി.ജെ.പിയുടെ ആയുധങ്ങളാണെന്ന് ആരോപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനിലും ചത്തീസ്ഗഢിലും വിജയിക്കുന്നതിനായി മഹാദേവ് ആപ്പ് ഓണ്‍ലൈന്‍ വാതുവെപ്പ് കേസിനെ ബി.ജെ.പി ആയുധമാക്കുന്നതിനെതിരെ അശോക് ഗെഹ്‌ലോട്ട് ആഞ്ഞടിച്ചു.

ഒരാഴ്ച മുന്നേ തീരുമാനിച്ച് പ്രധാനമന്ത്രിയെ പോലുള്ള ഒരാളെ കൊണ്ട് എങ്ങനെയാണ് ഇത്തരത്തിലുള്ള വിഷയങ്ങള്‍ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അശോക് ഗെഹ്‌ലോട്ട് ചോദിച്ചു.

രാജസ്ഥാനില്‍ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളുടെ വാര്‍ത്താകുറിപ്പുകളടങ്ങുന്ന സമാഹാരം ബി.ജെ.പി പത്രത്തില്‍ പരസ്യമായി നല്‍കിയതിനെതിരെയും മുഖ്യമന്ത്രി ഗെഹ്‌ലോട്ട് പ്രതികരിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഗൂഢാലോചന നടത്തിയും ഏതൊരു മാര്‍ഗവും സ്വീകരിച്ചും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഗെഹ്‌ലോട്ട് ആരോപിച്ചു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിനെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തെയും ഗെഹ്‌ലോട്ട് വിമര്‍ശിച്ചു. സംസ്ഥാനത്ത് ബി.ജെ.പി നേതൃത്വം ഗുര്‍ജാര്‍ സമൂഹത്തെ പ്രകോപിപ്പിക്കാന്‍ പദ്ധതിയൊരുക്കുന്നുവെന്നും ഗെഹ്‌ലോട്ട് അവകാശപ്പെട്ടു.

സത്യം പറയുന്നവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും രാജേഷ് പൈലറ്റിനെ പരിഗണിച്ച അതേ രീതിയിലാണ് മകനായ സച്ചിന്‍ പൈലറ്റിനെയും കോണ്‍ഗ്രസ് പരിഗണിച്ചതെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

ഗെഹ്ലോട്ട് സര്‍ക്കാര്‍ രാജസ്ഥാനില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടെ വിശദാംശങ്ങളടങ്ങിയ ‘ചുവന്ന നിറമുള്ള ഡയറി’ തന്റെ പക്കലുണ്ടെന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പുറത്താക്കപ്പെട്ട മന്ത്രി ആരോപിച്ചിരുന്നു. അതിനെ തുടര്‍ന്ന് രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഉലച്ചില്‍ ഉണ്ടായിട്ടുണ്ട്.

മന്ത്രി സഭയില്‍ നിന്ന് പുറത്താക്കിയ ശാന്തി ധരിവാളിന്റെ പക്കല്‍ ചുവന്ന നിറത്തിലുള്ള ഒരു ഡയറി കൂടിയുണ്ടെന്നും അതില്‍ സംസ്ഥാനത്ത് നടന്നിട്ടുള്ള ബലാത്സംഗ സംഭവങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉള്‍പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. ശാന്തി ധരിവാളിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള ടിക്കറ്റ് കൊടുക്കാന്‍ ബി.ജെ.പി നേതൃത്വം നിര്‍ബന്ധിതമാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Content Highlight: Red diary and Mahadev app are B.J.P’s election weapons: Ashok Gehlot