എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു: വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala Flood
എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു: വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th August 2018, 9:51 am

 

തിരുവനന്തപുരം: എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് മഴ കുറഞ്ഞതോടെ പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഏഴ് ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

അതിനിടെ, സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ഇന്നലെ മാത്രം ഇരുപതിനായിരം പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചക്കു 12 മണിവരെയുള്ള കണക്കുകളാണിത്.

ഭക്ഷണപ്പൊതികളും മരുന്നുകളും ഉള്‍പ്പെടെ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. പൊതുജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുമായി പരമാവധി സഹകരിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ പരമാവാധി അനുസരിക്കുകയും വേണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Also Read:പറവൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യത്തിന് മരുന്നില്ല; വിളിച്ചിട്ട് മന്ത്രി ഫോണ്‍ എടുക്കുന്നില്ല: കെ.കെ ശൈലജക്കെതിരെ വി.ഡി സതീശന്‍

രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 900 എയര്‍ ലിഫ്റ്റ് നടത്തിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. 169 എന്‍.ഡി.ആര്‍.എഫ് ഗ്രൂപ്പും അഞ്ച് കോളം ബി.എസ്.എഫും 23 ആര്‍മി ഗ്രൂപ്പും എന്‍ജിനീയറിങ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്.

22 ഹെലികോപ്റ്ററുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്.

കേരള ഫയര്‍ ഫോഴ്‌സിന്റെ 59 ബോട്ടും തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെ 16 ബോട്ടുകളും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ഒഡീഷയില്‍നിന്ന് 75 റബ്ബര്‍ ബോട്ടുകള്‍ മനുഷ്യശേഷി ഉള്‍പ്പെടെ എത്തും.

3,200 ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും 40,000 പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും 500 ലധികം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കുന്നു.