കനത്ത മഴയില്‍ വയനാട് ഒറ്റപ്പെട്ടു: കലക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala News
കനത്ത മഴയില്‍ വയനാട് ഒറ്റപ്പെട്ടു: കലക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th August 2018, 1:22 pm

കല്‍പ്പറ്റ: കനത്ത മഴ ദുരന്തം വിതയ്ക്കുന്ന വയനാട്ടില്‍ ജില്ലാ കലക്ടര്‍ റെഡ് അലര്‍ട്ട് (അതീവ ജഗ്രതാ നിര്‍ദേശം) പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്.

ഇതിനെ തുടര്‍ന്ന് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ വീട്ടമ്മ മരണപ്പെട്ടു. ജില്ലയിലെ പുഴകള്‍ നിറഞ്ഞ് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നിരവധിപേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.

Read:  ഇടുക്കി അണക്കെട്ടിന്റെ ട്രയല്‍ റണ്‍ തുടങ്ങി: അണക്കെട്ട് തുറന്നു വിടുന്നത് നാലു മണിക്കൂര്‍

താമരശ്ശേരി, വടകര, പാല്‍ച്ചുരം എന്നീ ചുരങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ ചുരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.

യാത്രകള്‍ പരമാവധി പരിമിതപ്പെടുത്തണമെന്നും പുഴകളിലും തോടുകളിലും ഒരു കാരണവശാലും ഇറങ്ങരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിതാമസിക്കാന്‍ ജനങ്ങള്‍ മടിക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഇനിയും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഈ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Read:  മഴ കനക്കുന്നു; ഇടമലയാര്‍ ഡാം തുറന്നു, വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

നിലവില്‍ ഫയര്‍ഫോഴ്സ്, പൊലീസ് റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വൈകാതെതന്നെ ആര്‍മി, നേവി, എന്‍.ഡി.ആര്‍.എഫ് സേനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട്ടില്‍ എത്തും.