| Thursday, 7th November 2024, 9:03 am

അധ്യാപക നിയമനം; കാലിക്കറ്റ് സർവകലാശാലയിൽ സംവരണ അട്ടിമറി ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ വാദം പൂർത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക നിയമനത്തിൽ സംവരണ അട്ടിമറിയുണ്ടായി എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജികൾ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. പിന്നാലെ ഈ ഹരജിയിൽ വിധിപറയുന്നത് കോടതി മാറ്റി. സംവരണ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് സർവകലാശാല 2021 ൽ 53 അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിച്ചതെന്നായിരുന്നു ഹരജിയിൽ പറഞ്ഞിരുന്നത്.

സിൻഡിക്കേറ്റ് അംഗമായ ഡോ.പി.റഷീദ് അഹമ്മദ് ഗവർണർക്ക് നൽകിയ പരാതി അടിസ്ഥാനമാക്കിയാണ് ഇരുപതോളം ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകേണ്ട സംവരണം തെറ്റായ രീതിയിൽ നടപ്പിലാക്കിയതിനാൽ നിയമനം നഷ്ടമായത് അർഹരായ 24 ഉദ്യോഗാർഥികൾക്കായിരുന്നു എന്നാണ് ഹരജിയിൽ പറഞ്ഞത്.

നേരത്തെ സമാന വാദമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ച ഡോ.അനുപമ കെ.പിക്ക് ജേണലിസം പഠനവകുപ്പിൽ നിയമനം നൽകാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവിനെതിരെ സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ യൂണിവേഴ്‌സിറ്റിക്ക് അനുകൂലമായ വിധി ലഭിച്ചിരുന്നില്ല.

അതേസമയം സംവരണ അട്ടിമറി കാരണം നിയമനം നഷ്‌ടപ്പെട്ട മൂന്ന് പട്ടികജാതി വിഭാഗ ഉദ്യോഗാർഥികൾ പട്ടികജാതി – പട്ടികവർഗ കമ്മീഷനെ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കും നിയമനം നൽകാൻ സർവകലാശാലയോട് കമ്മീഷൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഹരജിക്കാർ സർവകലാശാല ഉത്തരവ് നടപ്പിലാക്കിയിട്ടില്ലെന്നും ആരോപിച്ചു.

ഡിൻഡിക്കേറ്റ് മെമ്പർ ഡോ.റഷീദ് അഹമ്മദ് സംവരണ റൊട്ടേഷൻ ചാർട്ട് തെറ്റാണെന്ന കാര്യം നിയമന സമയത്ത് തന്നെ ഉന്നയിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ സർവകലാശാല ഇത് പരിഗണിച്ചില്ലെന്നാണ് മറ്റൊരു ആരോപണം. നേരത്തെ നിയമനത്തിനുള്ള നോട്ടിഫിക്കേഷനിൽ സംവരണ ക്രമം വ്യക്തമാകാതിരുന്നത് വിവാദമായി മാറിയിരുന്നു.

സംവരണക്രമം മറച്ചുവെച്ചത് രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ശുപാർശക്കനുസരിച്ച് ക്രമീകരിക്കാനായിരുന്നുവെന്നായിരുന്നു പരാതി. സിൻഡിക്കേറ്റ് അംഗങ്ങളുടെ ഭാര്യമാരുൾപ്പെടെ നിയമനം നേടിയതും വിവാദമായി മാറിയിരുന്നു. അസ്സോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ നിയമനങ്ങളിലും സമാനമായ പരാതികൾ ഉയർത്തി ഉദ്യോഗാർത്ഥികൾ കേസ് ഫയൽ ചെയ്‌തിട്ടുണ്ട്. ജോർജ് പൂന്തോട്ടം, പി.രവീന്ദ്രൻ എന്നീ മുതിർന്ന അഭിഭാഷകരാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.

Content Highlight: Recruitment of teachers; Argument has been completed in the petition challenging reservation coup in Calicut University

We use cookies to give you the best possible experience. Learn more