കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവന്ന നിയമനക്കോഴയില്‍ കേസ്. ബത്തേരി പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
വഞ്ചനാകുറ്റം ചുമത്തി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കേസ്. എന്‍.എം. വിജയന്റെ മരണത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച പരാതിയിലാണ് നടപടി.
പുല്‍പള്ളി സ്വദേശികളായ പത്രോസ്, സായൂജ് എന്നിവരാണ് പരാതി നല്‍കിയത്. ബത്തേരി അര്‍ബന്‍ ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ കൈപറ്റി വഞ്ചിച്ചുവെന്നാണ് സായൂജിന്റെ പരാതി. പത്രോസിന്റെ പരാതിയില്‍, മകന്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം നല്‍കി 22 ലക്ഷം രൂപ തട്ടിയെന്നാണ് പറയുന്നത്.
പ്രസ്തുത പരാതികള്‍ ജില്ലാ പൊലീസ് മേധാവി ബത്തേരി പൊലീസിന് കൈമാറുകയായിരുന്നു. ഈ പരാതികളിലാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
പത്രോസിന്റെ പരാതിയില്‍ യു.കെ. പ്രേമന്‍, വി.ടി. ചന്ദ്രന്‍, മണ്ണില്‍ സക്കറിയ, എന്‍.എം. വിജയന്‍, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സായൂജിന്റെ പരാതിയില്‍ മണ്ണില്‍ സക്കറിയ, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു.
കേസില്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം എന്‍.എം. വിജയന്റെ മരണം, നിയമനക്കോഴ എന്നീ വിഷയങ്ങള്‍ പരിഗണിച്ച് കെ.പി.സി.സിയുടെ അന്വേഷണ സമിതി വയനാട് ഡി.സി.സിയില്‍ ഇന്ന് (ബുധനാഴ്ച്ച) എത്താനിരിക്കെയാണ് കേസ്.
2024 ഡിസംബര്‍ 24നാണ് വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്‍ മാനിസികവെല്ലുവിളി നേരിടുന്ന മകന് വിഷം നല്‍കി മരണം ഉറപ്പാക്കിയതിന് ശേഷം ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നാലെ 10 ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും എഴുതിയ കത്തുകള്‍ പുറത്തുവന്നിരുന്നു.
ഈ കത്തില്‍ അര്‍ബന്‍ ബാങ്കില്‍ നിയമനക്കോഴ നടന്നുവെന്നും പണം വാങ്ങിയത് ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണനും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും വേണ്ടിയായിരുന്നുവെന്നും എന്‍.എം. വിജയന്‍ പറയുന്നുണ്ട്.
Content Highlight: Recruitment Bribery on Wayanad; Case against Congress leaders