| Friday, 31st March 2023, 12:52 pm

രാമനവമിക്കിടെ ബീഫ് സൂക്ഷിച്ചത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്താൻ; മുസ്‌ലിം യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ഹിന്ദുത്വവാദികൾ; പൊലീസ് വാഹനത്തിന് നേരെ കല്ലേറ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: രാമനവമി ആഘോഷങ്ങൾക്കിടെ മുസ്‌ലിം യുവാവിന്റെ വീട്ടിൽ നിന്നും ബീഫ് കണ്ടെത്തിയതിന് പിന്നാലെ ജാർഖണ്ഡിൽ സംഘർഷം. ധൻബാദിലെ നിർസ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പ്രദേശവാസിയായ നസറുദ്ദിൻ അൻസാരിയുടെ വീട്ടിൽ നിന്നായിരുന്നു ബീഫ് കണ്ടെടുത്തത്. വാർത്ത പ്രചരിച്ചതോടെ ഹിന്ദുത്വവാദികൾ പ്രതിഷേധവുമായി രം​ഗത്തെത്തുകയായിരുന്നു. ഇവർ അൻസാരിയുടെ വീടിന് നേരെ കല്ലെറിയുകയും വീടിന് പുറത്തുനിന്ന് ലഭിച്ച വസ്തുക്കളെല്ലാം തീയിട്ടതായും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സം​ഘർഷാവസ്ഥയുടെ തീവ്രത മനസിലായതോടെ അൻസാരിയും കുടുംബവും വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ ഇവരുടെ മകൻ ഷഹാബുദ്ദിൻ അൻസാരിയെ ​ഗ്രാമവാസികൾ പിടികൂടുകയായിരുന്നു. രാജ്യം രാമനവമി ദിനം ആഘോഷിക്കുന്ന സമയത്ത് ഇത്തരം പ്രവർത്തികൾ നടത്തിയത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്താനാണെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം.

വിവരമറിഞ്ഞ പൊലീസ് യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ​ഹിന്ദുത്വവാദികൾ യുവാവിനെ നിലത്ത് വലിച്ചിഴക്കുകയും പൊലീസുകാർക്ക് നേരെ കല്ലെറിയുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. പൊലീസും എം.എൽ.എയും ജനങ്ങളോട് സംസാരിച്ച ശേഷമാണ് യുവാവിനെ ഇവർ വിട്ടുനൽകിയത്.

എന്നാൽ ഷിഹാബുദ്ദീനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയും ജനങ്ങൾ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞിരുന്നു.

സംഭവത്തിൽ മൂന്ന് പൊലീസുകാരുൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് നിർഭാഗ്യകരമായ ഒരു സംഭവമാണെന്നും നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും പൊലീസ് വ്യക്തമാക്കി.

Content Highlight: Recovery of beef triggers violence in Jharkhand

We use cookies to give you the best possible experience. Learn more