ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. വിജയത്തോടെ 2023 ആരംഭിക്കാന്‍ ഇരുടീമുകളും ഒരുങ്ങുമ്പോള്‍ വാംഖഡെയില്‍ തീ പാറുമെന്നുറപ്പാണ്.
മത്സരത്തിനും വിജയങ്ങള്‍ക്കുമൊപ്പം പല റെക്കോഡുകളും ഈ പരമ്പരയില്‍ പിറന്നേക്കും. ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല, ലങ്കന്‍ താരങ്ങളും നിരവധി റെക്കോഡുകളിലേക്ക് കണ്ണ് വെക്കുന്നുണ്ട്.
ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ, വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഇരു ടീമിന്റെയും സ്പിന്‍ കരുത്തര്‍ യൂസ്വേന്ദ്ര ചഹല്‍, വാനിന്ദു ഹസരങ്ക എന്നിവരാണ് റെക്കോഡുകള്‍ ലക്ഷ്യം വെക്കുന്നതില്‍ പ്രധാനികള്‍.
ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുകയും 2022ല്‍ ഏറ്റവും മികച്ച ടി-20 താരമായി ബി.സി.സി.ഐ തെരഞ്ഞെടുക്കുകയും ചെയ്ത സൂര്യകുമാര്‍ തന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ല് താണ്ടാനാണ് ഒരുങ്ങുന്നത്.
ടി-20യില്‍ ഇതിനോടകം 1408 റണ്‍സ് നേടിയ സൂര്യകുമാറിന് 92 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ ഒരു മികച്ച റെക്കോഡാണ് താരത്തിന്റെ പേരിന് നേരെ എഴുതിച്ചേര്‍ക്കപ്പെടുക. ടി-20 ഫോര്‍മാറ്റില്‍ 1500 റണ്‍സ് തികക്കുന്ന ഏഴാമത് മാത്രം ഇന്ത്യന്‍ ബാറ്ററാകാനുള്ള അവസരമാണ് സൂര്യകുമാറിന്റെ കയ്യകലത്തുള്ളത്.
താരത്തിന്റെ നിലവിലെ ഫോം കണക്കാക്കുകയാണെങ്കില്‍ സ്‌കൈ ഇത് പുഷ്പം പോലെ മറികടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് പുറമെ 131 ബൗണ്ടറികള്‍ നേടിയ സൂര്യകുമാറിന് പരമ്പരയില്‍ നിന്നും 19 ഫോര്‍ കൂടി നേടാന്‍ സാധിച്ചാല്‍ 150 ബൗണ്ടറി നേടുന്ന അഞ്ചാമത് ഇന്ത്യന്‍ താരമാകാനും സാധിക്കും.
ടി-20യില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ യുവരാജ് സിങ്ങിനെ മറികടക്കാനാണ് ഹര്‍ദിക് ഒരുങ്ങുന്നത്. ടി-20യില്‍ ഇതിനോടകം തന്നെ 1160 റണ്‍സ് നേടിയ ഹര്‍ദിക്കിന് 18 റണ്‍സ് കൂടി നേടിയാല്‍ യുവരാജിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് കുതിക്കാന്‍ സാധിക്കും.
ബൗളിങ്ങില്‍ ഇതിഹാസ താരം ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെയും സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും റെക്കോഡും ഹര്‍ദിക്കിന് മുമ്പില്‍ വീണുടയാന്‍ സാധ്യതയുണ്ട്. 62 വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക്കിന് 64 വിക്കറ്റുള്ള സ്‌റ്റെയ്‌നെയും 65 വിക്കറ്റ് സ്വന്തം പേരിലുള്ള ബ്രോഡിനെയും ഈ പരമ്പരയില്‍ തന്നെ മറികടക്കാന്‍ സാധിച്ചേക്കും.
ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലും ലങ്കന്‍ മാജിക്കല്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയുമാണ് റെക്കോഡിലേക്ക് കണ്ണും നട്ടിരിക്കുന്ന മറ്റ് താരങ്ങള്‍. 90 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍മാരുടെ പട്ടികയിലേക്കാണ് ഇരുവരും നോട്ടമിടുന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയാല്‍ ചഹലിനും നാല് വിക്കറ്റ് വീഴ്ത്തിയാല്‍ ഹസരങ്കക്കും ഈ നേട്ടം സ്വന്തമാക്കാം.
ഇതിന് പുറമെ ടി-20യില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന ഭുവനേശ്വര്‍ കുമാറിന്റെ (90) റെക്കോഡ് മറികടക്കാനും മലിംഗക്ക് (107) ശേഷം 90 വിക്കറ്റ് വീഴ്ത്തുന്ന ലങ്കന്‍ ബൗളര്‍ എന്ന റെക്കോഡ് സ്വന്തമാക്കാനും കൂടിയാണ് ചഹലും ഹസരങ്കയും ഒരുങ്ങുന്നത്.
ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും റെക്കോഡ് അലേര്‍ട്ടുമായാണ് ഹസരങ്ക ഇറങ്ങുന്നത്. ഇതിനോടകം 473 റണ്‍സ് നേടിയ ഹസരങ്കക്ക് 500 റണ്‍സ് എന്ന മൈല്‍ സ്‌റ്റോണ്‍ പിന്നിടാന്‍ വേണ്ടത് 27 റണ്‍സ് മാത്രമാണ്.
കൂടാതെ ശ്രീലങ്കന്‍ നായകന്‍ ഷണകക്കും റെക്കോഡ് നേട്ടം സ്വന്തമാക്കാം. പരമ്പരയില്‍ 12 ബൗണ്ടറി കൂടി നേടിയാല്‍ 100 ബൗണ്ടറി തികക്കുന്ന അഞ്ചാമത് ലങ്കന്‍ താരം എന്ന റെക്കോഡാണ് ഷണകയെ കാത്തിരിക്കുന്നത്.
നാല് സിക്‌സര്‍ പറത്തിയാല്‍ 50 സിക്‌സര്‍ എന്ന മാര്‍ക്ക് മറികടക്കാന്‍ പാതും നിസങ്കക്ക് സാധിക്കും. 11 ഫോര്‍ കൂടി നേടിയാല്‍ 100 ബൗണ്ടറി തികക്കാനും നിസങ്കക്കാകും.