ഒരുപാട് നേട്ടങ്ങളും അത്രതന്നെ നാണക്കേടും... ഒറ്റ മത്സരത്തില്‍ തന്നെ എന്തോരം റെക്കോഡുകളാ...
Asia Cup
ഒരുപാട് നേട്ടങ്ങളും അത്രതന്നെ നാണക്കേടും... ഒറ്റ മത്സരത്തില്‍ തന്നെ എന്തോരം റെക്കോഡുകളാ...
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th September 2023, 8:00 am

ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ബംഗ്ലാദേശ് പടയുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെയും യുവതാരം തൗഹിദ് ഹിരോദിയുടെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തില്‍ പൊരുതി നോക്കിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. ഗില്‍ 133 പന്തില്‍ 121 റണ്‍സ് നേടി പുറത്തായപ്പോള്‍ 34 പന്തില്‍ നിന്നും 42 റണ്‍സ് നേടിയ അക്‌സര്‍ പട്ടേല്‍ മാത്രമാണ് കാര്യമായ പിന്തുണ നല്‍കിയത്.

ഈ മത്സരത്തിന് പിന്നാലെ ഇരു ടീമുകളെ തേടി പല റെക്കോഡുകളുമെത്തിയിരുന്നു. ബംഗ്ലാദേശിനെ സംബന്ധിച്ച് ഈ വിജയത്തിന് പിന്നാലെ പല നേട്ടങ്ങളുമുണ്ടാക്കാന്‍ സാധിച്ചെങ്കിലും ഇന്ത്യയെ സംബന്ധിച്ച് മോശം റെക്കോഡുകള്‍ മാത്രമാണ് സൂപ്പര്‍ ഫോറിലെ അവസാന മത്സരം സമ്മാനിച്ചത്.

ഏഷ്യാ കപ്പില്‍ 11 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഏകദിന ഫോര്‍മാറ്റില്‍ ബംഗ്ലാദേശിനോട് തോല്‍ക്കുന്നത്. 2012 മാര്‍ച്ച് ആറിന് മിര്‍പൂരില്‍ നടന്ന മത്സരത്തിലാണ് ബംഗ്ലാദേശ് അവസാനമായി ഇന്ത്യയെ തോല്‍പിച്ചത്. സച്ചിന്‍ തന്റെ നൂറാമത് അന്താരാഷ്ട്ര സെഞ്ച്വറി നേടിയ മത്സരം എന്ന പ്രത്യേകതയും ആ മാച്ചിനുണ്ടായിരുന്നു.

ബംഗ്ലാദേശിന് നിര്‍ഭാഗ്യം മാത്രം സമ്മാനിച്ച ഗ്രൗണ്ടില്‍ വെച്ച് അവരോട് തോല്‍ക്കേണ്ടി വന്നു എന്ന കളങ്കവും ഇതോടെ ഇന്ത്യക്ക് മേല്‍ ചാര്‍ത്തപ്പെട്ടു. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇതിന് മുമ്പേ കളിച്ച 12 മത്സരത്തിലും തോല്‍വിയറിഞ്ഞ ബംഗ്ലാദേശ് ഇതോടെ കൊളംബോയില്‍ തങ്ങളുടെ രണ്ട് ലോസിങ് സ്ട്രീക്കുകളും അവസാനിപ്പിക്കുകയായിരുന്നു.

2012ലെ തോല്‍വിക്ക് സമാനമായിരുന്നു 2023ലെ തോല്‍വിയും. ഇന്ത്യന്‍ നിരയിലെ ഓരോ താരങ്ങള്‍ വീതം സെഞ്ച്വറിയടിച്ചെങ്കിലും മെന്‍ ഇന്‍ ബ്ലൂവിന് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഈ രണ്ട് മാച്ചിലും ഷാകിബ് അല്‍ ഹസന്‍ തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ച് എന്നതാണ് മറ്റൊരു പ്രത്യേകത.

രോഹിത് ശര്‍മക്കും ഈ മത്സരം നല്ല നേട്ടങ്ങളൊന്നും സമ്മാനിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ പൂജ്യത്തിന് പുറത്തായതിന് ശേഷം 16 മാച്ചില്‍ ഡക്കിനോ എന്തിന് സിംഗിള്‍ ഡിജിറ്റിനോ പുറത്താകാതിരുന്ന രോഹിത്തിന് ബംഗ്ലാദേശിനെതിരെ പൂജ്യത്തിന് പുറത്താകേണ്ടി വരികയായിരുന്നു.

ഇത് 15ാം ഏകദിനത്തില്‍ തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താകുന്നത്. ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായവരുടെ പട്ടികയില്‍ വിരാട് കോഹ്‌ലിക്കൊപ്പം ആറാം സ്ഥാനത്തുള്ള രോഹിത് ആക്ടീവ് പ്ലെയേഴ്‌സിന്റെ പട്ടികയെടുക്കുമ്പോള്‍ വിരാടിനൊപ്പം ഒന്നാം സ്ഥാനത്താണ്.

ഏഷ്യാ കപ്പില്‍ ഇത് മൂന്നാം തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താകുന്നത്. ഏഷ്യന്‍ ടൂര്‍ണമെന്റില്‍ ഏറ്റവും തവണ ഡക്കായ ഇന്ത്യന്‍ താരമെന്ന മോശം റെക്കോഡും ഇതോടെ രോഹിത്തിന്റെ പേരിലായി.

ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് തന്നെ ഫൈനല്‍ ഉറപ്പിച്ച ഇന്ത്യ വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് കളത്തിലിറങ്ങിയത്.

സെപ്റ്റംബര്‍ 17നാണ് ഏഷ്യാ കപ്പ് ഫൈനല്‍. ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ 11ാം ഫൈനലും ലങ്കയുടെ 12ാം ഫൈനലുമാണിത്. ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടുന്നതാകട്ടെ ഒമ്പതാം തവണയും.

 

 

കളിച്ച 11 ഫൈനലില്‍ ഇന്ത്യ ഏഴ് തവണ കപ്പുയര്‍ത്തിയപ്പോള്‍ ആറ് തവണയാണ് ലങ്ക കിരീട നേട്ടം ആവര്‍ത്തിച്ചത്. സെപ്റ്റംബര്‍ 17ന് ഏത് ടീമാകും തങ്ങളുടെ കിരീടനേട്ടം മെച്ചപ്പെടുത്തുക എന്നറിയാനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്.

 

Content Highlight :Records in India-Bangladesh match, Asia Cup super 4