icc world cup
ഒറ്റ മാച്ചില്‍ പിറന്നത് 12+ റെക്കോഡോ 😱 🔥; പാകിസ്ഥാന്‍-ലങ്ക മത്സരം തിരുത്തിക്കുറിച്ചത് ക്രിക്കറ്റിനെ തന്നെ
ഹൈ സ്‌കോറിങ് ത്രില്ലറില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ലോകകപ്പിലെ തങ്ങളുടെ രണ്ടാം വിജയം ആഘോഷിച്ചിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പാകിസ്ഥാന്‍ വിജയിച്ചത്. ലങ്ക ഉയര്‍ത്തിയ 345 റണ്‍സിന്റെ വിജയലക്ഷ്യം 10 പന്ത് ബാക്കി നില്‍ക്കെ പാക് പട വിജയിച്ചുകയറുകയിരുന്നു.
മത്സരത്തില്‍ ശ്രീലങ്കക്കായി കുശാല്‍ മെന്‍ഡിസും സധീര സമരവിക്രമയും സെഞ്ച്വറിയടിച്ചപ്പോള്‍ പാകിസ്ഥാനായി മുഹമ്മദ് റിസ്വാനും അബ്ദുള്ള ഷഫീഖും സെഞ്ച്വറി നേടി.
ഈ മത്സരത്തില്‍ 12ലധികം റെക്കഡുകളാണ് പിറവിയെടുത്തത്. പാകിസ്ഥാനായി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറിയടിച്ച താരം മുതല്‍ ശ്രീലങ്കക്കായി ലോകകപ്പില്‍ വേഗത്തില്‍ സെഞ്ച്വറി നേടിയ റെക്കോഡ് വരെ ഈ പട്ടിക നീളുകയാണ്.
ഈ മത്സരത്തില്‍ തകര്‍ക്കപ്പെട്ട ചില റെക്കോഡുകള്‍ പരിശോധിക്കാം.
1. പാകിസ്ഥാനെതിരെ ലോകകപ്പില്‍ ശ്രീലങ്ക നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 1983 ലോകകപ്പിലെ 288/9 ആയിരുന്നു ഇതിന് മുമ്പ് ഈ റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
ലോകകപ്പില്‍ പാകിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത് ടോട്ടലും ഇതുതന്നെയാണ്. കെനിയക്കെതിരെ നേടിയ 398/5, സ്‌കോട്‌ലാന്‍ഡിനെതിരെ നേടിയ 363/9 എന്നിവയാണ് ലോകകപ്പിലെ ലങ്കയുടെ ഉയര്‍ന്ന സ്‌കോറുകള്‍.
2. ലോകകപ്പില്‍ പാകിസ്ഥാന്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന റെക്കോഡും ഈ മത്സരത്തില്‍ പിറന്നു. ലോകകപ്പില്‍ ഇതാദ്യമായാണ് പാകിസ്ഥാന്‍ 300+ സ്‌കോര്‍ വിജയകരമായി ചെയ്‌സ് ചെയ്യുന്നത്. 1992 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ പിന്തുടര്‍ന്ന് വിജയിച്ച 263 ഇതിന് മുമ്പുള്ള പാകിസ്ഥാന്റെ മികച്ച ചെയ്‌സിങ്.
3. ലോകകപ്പില്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും പാകിസ്ഥാന്‍ സ്വന്തമാക്കി. 2011ല്‍ ഇംഗ്ലണ്ടിനെതിരെ അയര്‍ലന്‍ഡ് കുറിച്ച 328 റണ്‍സിന്റെ ചെയ്‌സാണ് ഇതോടെ പഴങ്കഥയായത്.
4. ലോകകപ്പില്‍ പാകിസ്ഥാന്റെ ഏറ്റവുമുയര്‍ന്ന മൂന്നാമത് ടോട്ടല്‍. 2007ല്‍ സിംബാബ്‌വേക്കെതിരെ കുറിച്ച 349/10 ആണ് ലോകകപ്പില്‍ പാകിസ്ഥാന്റെ ഉയര്‍ന്ന ടോട്ടല്‍. 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 348/8 ആണ് പട്ടികയിലെ രണ്ടാമതുള്ളത്.
5. ലോകകപ്പില്‍ ശ്രീലങ്കക്കായി വേഗത്തില്‍ സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡ് കുശാല്‍ മെന്‍ഡിസ് തന്റെ പേരില്‍ കുറിച്ചിരുന്നു. 2015 ലോകകപ്പില്‍ കുമാര്‍ സംഗക്കാര നേടിയ 70 ബോള്‍ സെഞ്ച്വറിയുടെ റെക്കോഡാണ് മെന്‍ഡിസ് തിരുത്തിയത്.
6. ലോകകപ്പില്‍ ഒരു ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത് ടോട്ടല്‍ എന്ന റെക്കോഡും കഴിഞ്ഞ മത്സരത്തില്‍ കുശാല്‍ മെന്‍ഡിസ് സ്വന്തമാക്കിയിരുന്നു. 77 പന്തില്‍ 122 റണ്‍സാണ് താരം നേടിയത്. 2015ല്‍ സ്‌കോട്‌ലാന്‍ഡിനെതിരെ സംഗക്കാര നേടിയ 124 റണ്‍സാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
7. പാകിസ്ഥാനെതിരെ ലോകകപ്പില്‍ ഒരു ശ്രീലങ്കന്‍ ബാറ്റര്‍ നേടുന്ന ഏറ്റവുമയര്‍ന്ന സ്‌കോര്‍ – കുശാല്‍ മെന്‍ഡിസ് 122 (77).
8. ലോകകപ്പില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കന്‍ താരങ്ങള്‍ പടുത്തുയര്‍ത്തിയ ഏറ്റവും മികച്ച പാര്‍ട്ണര്‍ഷിപ്പിന്റെ റെക്കോഡും കഴിഞ്ഞ ദിവസം പിറവിയെടുത്തിരുന്നു. കുശാല്‍ മെന്‍ഡിസും സധീര സമരവിക്രമയും ചേര്‍ന്ന് സ്വന്തമാക്കിയ 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്.
9. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ പാകിസ്ഥാനായി സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോഡ് പാക് യുവതാരം അബ്ദുള്ള ഷഫീഖ് തന്റെ പേരിലാക്കി. ലോകകപ്പില്‍ ഇന്ത്യയില്‍ സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമെന്ന റെക്കോഡും ഇതോടെ ഷഫീഖിനെ തേടിയെത്തിയിരുന്നു.
10. ലോകകപ്പില്‍ പാകിസ്ഥാനായി സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത് താരം എന്ന റെക്കോഡും ഷഫീഖ് സ്വന്തമാക്കി. 23 വയസും 324 ദിവസവുമായിരുന്നു സെഞ്ച്വറി നേടുമ്പോള്‍ ഷഫീഖിന്റെ പ്രായം. ഇമാം ഉള്‍ ഹഖാണ് ഈ റെക്കോഡ് നേട്ടത്തിലെ ഒന്നാമന്‍. 2019 ലോകകപ്പില്‍ സെഞ്ച്വറി നേടുമ്പോള്‍ 23 വയസും 195 ദിവസവുമായിരുന്നു ഇമാമിന്റെ പ്രായം.
11. ശ്രീലങ്കക്കെതിരായ സെഞ്ച്വറിക്ക് പിന്നാലെ 6,000 അന്താരാഷ്ട്ര റണ്‍സ് എന്ന കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിടാന്‍ പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനായി.
12. ലോകകപ്പില്‍ ഒരു പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന റെക്കോഡും കഴിഞ്ഞ മത്സരത്തില്‍ പിറവിയെടുത്തു. റിസ്വാന്‍ പുറത്താകാതെ 131 റണ്‍സ് നേടിയതോടെയാണ് ഈ റെക്കോഡ് താരത്തെ തേടിയെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ കമ്രാന്‍ അക്മല്‍ നേടിയ 124 റണ്‍സാണ് ഇതിന് മുമ്പ് റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
Content highlight: Records created in Pakistan vs Sri Lanka match