| Thursday, 24th August 2023, 9:47 pm

ഒന്നാമന്‍, രണ്ടാമന്‍ മൂന്നാമന്‍, അഞ്ചാമന്‍... വീണത് ബാബറും ധോണിയും... തീയുണ്ടകളെ തല്ലിയൊതുക്കിയ റെക്കോഡുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി തികച്ചതിന് പിന്നാലെ നിരവധി നേട്ടങ്ങളാണ് അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ റഹ്‌മനുള്ള ഗുര്‍ബാസിനെ തേടിയെത്തിയത്. ഏഷ്യാ കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിലാണ് താരത്തിന്റെ സെഞ്ച്വറി നേട്ടം.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം ഏകദിന ടോട്ടലിന് പുറത്താകേണ്ടി വന്നിരുന്നു. വെറും 59 റണ്‍സിനാണ് അഫ്ഗാന്‍ ഓള്‍ ഔട്ടായത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവുമയര്‍ന്ന ഏകദിന ടോട്ടല്‍ നേടിക്കൊണ്ടാണ് അഫ്ഗാന്‍ തിരിച്ചടിച്ചത്.

300 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. ഇതില്‍ പകുതിയിലധികവും പിറന്നത് ഗുര്‍ബാസിന്റെ ബാറ്റില്‍ നിന്നുമായിരുന്നു. 151 പന്തില്‍ 151 റണ്‍സാണ് താരം നേടിയത്. നേരിട്ട 122ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗുര്‍ബാസ് ശേഷിക്കുന്ന 51 റണ്‍സ് നേടിയത് വെറും 28 പന്തില്‍ നിന്നുമായിരുന്നു.

ഈ സെഞ്ച്വറിക്ക് പിന്നാലെ നിരവധി റെക്കോഡുകളും താരത്തെ തേടിയെത്തിയിരുന്നു.

ഏകദിന ഫോര്‍മാറ്റില്‍ പാകിസ്ഥാനെതിരെ 150+ റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് ഇതില്‍ ആദ്യത്തേത്. ധോണിയടക്കമുള്ള മഹാരഥന്‍മാര്‍ക്ക് പോലും സാധിക്കാത്ത നേട്ടമാണ് 21ാം വയസില്‍ അഫ്ഗാന്‍ ബാറ്റര്‍ സ്വന്തമാക്കിയത്.

ഏകദിനത്തില്‍ 150+ റണ്‍സ് നേടുന്ന അഞ്ചാമത് ഓപ്പണര്‍ എന്ന നേട്ടവും ഗുര്‍ബാസിനെ തേടിയെത്തിയിരിക്കുകയാണ്. ഡേവിഡ് വാര്‍ണര്‍ (179), അലക്‌സ് ഹേല്‍സ് (171), ആരോണ്‍ ഫിഞ്ച് (153*), ബ്രയാന്‍ ലാറ (153) എന്നിവരാണ് ഗുര്‍ബാസിന് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് ഓപ്പണര്‍മാര്‍.

ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ അഞ്ച് ഏകദിന സെഞ്ച്വറി തികയ്ക്കുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് അടുത്തത്. 23ാം ഇന്നിങ്‌സില്‍ അഞ്ച് സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗുര്‍ബാസ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരനാണ്. ബാബര്‍ അസമിനെയടക്കം മറികടന്നാണ് ഗുര്‍ബാസ് ഈ നേട്ടം സ്വന്തമാക്കിയത്.

വേഗത്തില്‍ അഞ്ച് ഏകദിന സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം, രാജ്യം, ഇന്നിങ്‌സുകള്‍ എന്നീ ക്രമത്തില്‍)

1. ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 19

2. ഇമാം ഉള്‍ ഹഖ് – പാകിസ്ഥാന്‍ – 19

3. റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – 23

4. ബാബര്‍ അസം – പാകിസ്ഥാന്‍ – 25

5. ഉപുല്‍ തരംഗ – ശ്രീലങ്ക – 28

6. ശിഖര്‍ ധവാന്‍ – ഇന്ത്യ – 28

7. ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 30

ഇതിന് പുറമെ 21ാം വയസിനിടെ ഏറ്റവുമധികം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും ഗുര്‍ബാസിന് സാധിച്ചു. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക്, ലങ്കന്‍ സൂപ്പര്‍ താരം ഉപുല്‍ തരംഗ എന്നിവര്‍ ഒന്നാം സ്ഥാനത്തുള്ള പട്ടികയിലാണ് ഗുര്‍ബാസ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.

അതേസമയം, മത്സരത്തില്‍ ഗുര്‍ബാസിന് പുറമെ ഓപ്പണര്‍ ഇബ്രാഹിം സദ്രാനും മികച്ച പ്രകടനം നടത്തിയിരുന്നു. 101 പന്തില്‍ നിന്നും 81 റണ്‍സ് നേടി ഒരു സെഞ്ച്വറിയുടെ പ്രതീതി സൃഷ്ടിച്ച ശേഷമായിരുന്നു സദ്രാന്റെ മടക്കം.

ഇരുവരുടെയും ഇന്നിങ്‌സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ പടുത്തുയര്‍ത്തിയത്.

പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രിദി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നസീം ഷായും ഒസാമ മിറും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിലവില്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ 169 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.

Content Highlight: Records by Rahmanullah Gurbaz

We use cookies to give you the best possible experience. Learn more