ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ ജയിച്ചുകയറിയാണ് സന്ദര്‍ശകര്‍ പരമ്പരയില്‍ മുമ്പിലെത്തിയിരിക്കുന്നത്. സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 141ന് പുറത്താവുകയായിരുന്നു.
50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. ഏഴ് ഫോറും പത്ത് സിക്സറും അടക്കം 214.00 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ടി-20യില്‍ ഇന്ത്യക്കായി തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഹൈദരാബാദ് ടി-20യിലാണ് സഞ്ജു ഇതിന് മുമ്പ് സെഞ്ച്വറി നേടിയത്. അന്ന് അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കിയിരുന്നു.
എതിരാളികളുടെ തട്ടകത്തില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന ടി-20 സ്‌കോര്‍ എന്ന നേട്ടവും ഡര്‍ബനിലെ വെടിക്കെട്ടിന് പിന്നാലെ സഞ്ജുവിനെ തേടിയെത്തി. ഹോം ഗ്രൗണ്ടിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന ടി-20 സ്‌കോറും രാജസ്ഥാന്‍ നായകന്റെ പേരില്‍ തന്നെയാണ്. ഹൈദരാബാദിനെതിരെ നേടിയ 111 റണ്‍സാണ് സാംസണെ ഈ നേട്ടത്തിലെത്തിച്ചത്.
ടി-20 ഫോര്‍മാറ്റില്‍ ഒന്നിലധികം അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ (ഫുള്‍ മെമ്പര്‍ ടീമുകളില്‍) എന്ന നേട്ടവും ഈ സെഞ്ച്വറിക്ക് പിന്നാലെ സഞ്ജു സ്വന്തമാക്കി.
ഒരു അന്താരാഷ്ട്ര ടി-20 ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സഞ്ജു സാംസണ്‍. പ്രോട്ടിയാസിനെതിരെ നേടിയ പത്ത് സിക്‌സറിന് പിന്നാലെ വേള്‍ഡ് കപ്പ് വിന്നിങ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് സഞ്ജു.
മത്സരത്തില്‍ ഒരു കരിയര്‍ മൈല്‍സ്റ്റോണും സഞ്ജു മറികടന്നിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 7,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പത്താമത് ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, എം.എസ്. ധോണി, ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ എന്നിവരാണ് ടി-20യില്‍ 7,000 റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ടി-20യില്‍ ഇന്ത്യക്കായി മള്‍ട്ടിപ്പിള്‍ ടി-20 സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലും സാംസണ്‍ ഇടം നേടി. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4), കെ.എല്‍. രാഹുല്‍ (2) എന്നിവരാണ് ഇന്ത്യക്കായി ടി-20യില്‍ ഒന്നിലധികം സെഞ്ച്വറി നേടിയ താരങ്ങള്‍.
ഇന്ത്യക്കായി ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന മൂന്നാമത് താരമെന്ന നേട്ടവും (അന്താരാഷ്ട്ര ക്രിക്കറ്റില്‍) സഞ്ജു സ്വന്തമാക്കി. ഇത് മൂന്നാം തവണയാണ് സഞ്ജു പി.ഒ.ടി.എം സ്വന്തമാക്കുന്നത്.
എം.എസ് ധോണി (22), റിഷബ് പന്ത് (4) എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പിലുള്ളത്.
ടി-20യില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ഈ നേട്ടത്തിലെത്തുന്നത്. ഇതിനൊപ്പം തന്നെ തുടര്‍ച്ചയായ ടി-20 മത്സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായും സഞ്ജു മാറി.