| Monday, 7th March 2022, 3:54 pm

ഭീഷ്മ പര്‍വ്വത്തിന് റെക്കോര്‍ഡ് കളക്ഷന്‍; പിന്നിലാക്കിയത് ലൂസിഫറിനേയും ബാഹുബലിയേയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തില്‍ റെക്കോര്‍ഡിട്ട് ഭീഷ്മ പര്‍വ്വത്തിന്റെ വീക്കെന്‍ഡ് കളക്ഷന്‍. വാരാന്ത്യമായപ്പോഴേക്കും 21 കോടിയാണ് ഭീഷ്മ പര്‍വ്വം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നതെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറായിരുന്നു ഏറ്റവും കൂടുതല്‍ വീക്കെന്‍ഡ് കളക്ഷന്‍ നേടിയ മലയാള ചിത്രം. 20 കോടി നേടിയ ലൂസിഫറിന്റെ റെക്കോര്‍ഡാണ് ഭീഷ്മ പര്‍വ്വം മറി കടന്നത്.

കേരളത്തില്‍ നിന്നും മാത്രം 5.25 കോടിയാണ് ഭീഷ്മ പര്‍വ്വത്തിന്റെ കളക്ഷന്‍. ഇതോടെ ബാഹുബലി ദി കണ്‍ക്ലൂഷന്റെ റെക്കോര്‍ഡും വീണു. 2017 ല്‍ റിലീസ് ചെയ്ത ബാഹുബലി 5.10 കോടിയായിരുന്നു കേരളത്തില്‍ നിന്നും നേടിയത്. ശനിയാഴ്ച 5.80 കോടിയാണ് ഇന്ത്യയാകെ ചിത്രത്തിന്റെ കളക്ഷന്‍. വെള്ളിയാഴ്ച 5.80 കോടിയും ആദ്യ ദിനം 6.70 കോടിയും ഭീഷ്മ പര്‍വ്വം നേടി.

May be an image of 6 people

നിറഞ്ഞ സദസ്സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടുന്ന മലയാള ചിത്രമായി മാറുകയാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം വന്‍ഹൈപ്പോടെയാണ് തിയേറ്ററുകളിലെത്തിയത്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ഭീഷ്മ പര്‍വ്വത്തില്‍ ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അബു സലിം, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാര്‍, മാല പാര്‍വതി തുടങ്ങി വലിയ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.


Content Highlight: Record weekend collection for Bheeshma Parvam

We use cookies to give you the best possible experience. Learn more